തോമസ് ഐസക്കിനെതിരെ നിയമന നടപടി സ്വീകരിക്കുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിച്ചതിന് ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിയമന നടപടി സ്വീകരിക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇല്ലെങ്കില്‍ ഐസക് പരസ്യമായി മാപ്പ് പറയണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് അയച്ച കത്തും ധനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

അതേസമയം, ദേശീയ പാത മുന്‍ഗണന ക്രമത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കേരളത്തോട് കേന്ദ്രം അവഗണന കാട്ടിയിട്ടില്ലെന്നും കേരളത്തിന്റെ ദേശീയ പാത വികസനം ഒന്നാം പട്ടികയില്‍ തുടരുമെന്നും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്ന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

ദേശീയപാത വികസനത്തില്‍ കേരളത്തോട് വിവേചനം കാണിക്കില്ലെന്നും ഭൂമി ഏറ്റെടുക്കലാണ് ഇവിടുത്തെ പ്രധാന വിഷയമെന്നും ഗഡ്കരി വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചിരിക്കുന്ന മുന്‍ഗണന ക്രമത്തിന്റെ ഭാഗമായി തന്നെ ദേശീയപാത വികസനം നടപ്പാകുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനവും പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ആരോപണത്തില്‍ വാസ്തവമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

Top