ലോകത്തിന് മുന്നിൽ ഇന്ത്യയെ ബി.ജെ.പി ഇപ്പോൾ നാണം കെടുത്തിയെന്ന് മന്ത്രി

thomas-isaac

തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പി കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച വ്യാജ സര്‍വേ ഫലത്തിനെതിരെ തുറന്നടിച്ച് മന്ത്രി തോമസ് ഐസക്. നുണ മാത്രമാണ് സംഘപരിവാറിന്റെ പ്രചരണായുധം. അത്തരം നുണകളില്‍ മുക്കാലേ മുണ്ടാണിയും പൊളിഞ്ഞു പാളീസായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പിടിക്കപ്പെട്ടത് ബി.ബി.സിയുടെ പേരില്‍ നടത്തിയ സര്‍വേയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യം ഭരിക്കുന്ന കക്ഷി കണ്ണും പൂട്ടി നുണ പ്രചരിപ്പിക്കുമ്പോള്‍ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നാണം കെടുന്നത് ഇന്ത്യയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്കിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ഡിസംബറിലാണ്. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ചാണക്യതന്ത്രങ്ങളോതാന്‍ സംഘടിപ്പിച്ച യോഗത്തില്‍ കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് കെ.എസ്.ഈശ്വരപ്പയുടെ പ്രസംഗം വിവാദമായി. ജനങ്ങളോട് നുണ പറഞ്ഞാലും പ്രശ്‌നമില്ല ഒരു കാര്യവും അറിയില്ലെന്ന് പറയാന്‍ പാടില്ലെന്നായിരുന്നു ഈശ്വരപ്പ ഉപദേശിച്ച തന്ത്രം. നുണ മാത്രമാണ് സംഘപരിവാറിന്റെ പ്രചരണായുധം. ആവും മട്ടില്‍ അതു പ്രചരിപ്പിച്ചോളൂ എന്നാണ് കര്‍ണാടകത്തിലെ ബി.ജെ.പിക്കാരെ ഈശ്വരപ്പ ഉപദേശിച്ചത്.

അത്തരം നുണകളില്‍ മുക്കാലേ മുണ്ടാണിയും പൊളിഞ്ഞു പാളീസായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പിടിക്കപ്പെട്ടത് ബി.ബി.സിയുടെ പേരില്‍ നടത്തിയ അഭ്യാസം. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍വിജയം നേടുമെന്ന് ബി.ബി.സിയുടെ പേരില്‍ വ്യാജ തെരഞ്ഞെടുപ്പ് സര്‍വേ ഫലം തയ്യാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. തങ്ങള്‍ അങ്ങനെയൊരു സര്‍വെ നടത്തിയിട്ടില്ലെന്ന് ബി.ബി.സി പരസ്യമായി തുറന്നടിച്ചതോടെ ആ ഗുണ്ടു പൊട്ടി.

വിശ്വസനീയമെന്നു തോന്നിപ്പിക്കാന്‍ ബി.ബി.സിയുടെ ലോഗോയൊക്കെ പതിപ്പിച്ചാണ് സന്ദേശം തയ്യാറാക്കിയത്. ബി.ജെ.പിയ്ക്ക് 135, ജനതാദളിന് 45, കോണ്‍ഗ്രസിന് 35 എന്നിങ്ങനെയാണ് സര്‍വെ ഫലം. ഭരണകക്ഷി മൂന്നാംസ്ഥാനത്താവുമെന്ന വ്യാജസര്‍വെ ഫലം ഫേസ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിപ്പിച്ചു. അതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരത്തില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് ബി.ബി.സിയ്ക്ക് പരസ്യമായി പറയേണ്ടി വന്നത്.

രാജ്യം ഭരിക്കുന്ന കക്ഷി കണ്ണും പൂട്ടി നുണ പ്രചരിപ്പിക്കുമ്പോള്‍ ലോകരാഷ്ട്രങ്ങളുടെ മുന്നില്‍ നാണം കെടുന്നത് ഇന്ത്യയാണ്. ഏറ്റവും മുകള്‍ത്തട്ടു മുതല്‍ വിശ്വസനീയമായി നുണ പറയാനുള്ള പരിശീലനം കൊടുത്താണ് പ്രവര്‍ത്തകരെ പൊതുസമൂഹത്തിലിറക്കുന്നത്. ജനങ്ങളോട് ധൈര്യമായി നുണ പറഞ്ഞോളൂ എന്ന് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്ത ഈശ്വരപ്പ ഒറ്റപ്പെട്ട നേതാവല്ല.

കേന്ദ്ര ഭരണകക്ഷി ഈ വിധം തരംതാഴുമ്പോള്‍ പാതാളത്തില്‍ പതിക്കുന്നത് ഇന്ത്യയുടെ അന്തസാണ്.

Top