സിഎജി റിപ്പോര്‍ട്ട് ശുദ്ധ അസംബന്ധമെന്ന് തോമസ് ഐസക്

thomas issac

തിരുവനന്തപുരം: സിഎജി വിവാദത്തില്‍ ക്ലീന്‍ ചിറ്റ് കിട്ടിയ ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സിഎജിക്ക് എതിരെ രൂക്ഷവിമര്‍ശനങ്ങളുയര്‍ത്തി ധനമന്ത്രി ടി എം തോമസ് ഐസക്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോര്‍ട്ടുകള്‍ ശുദ്ധ അസംബന്ധമാണെന്ന് തോമസ് ഐസക് പറയുന്നു.

ആര്‍ട്ടിക്കിള്‍ 246-ലെ അനുച്ഛേദവുമായി കിഫ്ബിയെ ബന്ധപ്പെടുത്തുന്നത് വിവരക്കേടാണ്. ആര്‍ട്ടിക്കിള്‍ 246 നിയമനിര്‍മാണവുമായി ബന്ധപ്പെട്ടതാണ്. ഇത് അതുമായി ബന്ധപ്പെട്ട കാര്യമേയല്ല. ഇങ്ങനെയൊക്കെ വ്യാഖ്യാനിക്കണമെങ്കില്‍ ചില്ലറ വിവരക്കേടല്ല വേണ്ടത്. ഇത് ധൃതിയില്‍ തട്ടിക്കൂട്ടിയതാണെന്നും ഐസക് ആരോപിക്കുന്നു.

സിഎജി രാഷ്ട്രീയം കളിക്കുകയാണോ എന്ന് തനിക്കറിയില്ല. അങ്ങനെയാണെങ്കില്‍ ആ രീതിയില്‍ നേരിടും. തനിക്കെതിരായ നിയമസഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയെന്നത് സംസ്ഥാന സര്‍ക്കാരല്ല, ഒരു കോര്‍പ്പറേറ്റ് ബോഡിയാണ്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണോ സിഎജി സംസാരിക്കുന്നത്? സര്‍ക്കാരുമായി സംസാരിച്ചിരുന്നെങ്കില്‍ അത് പറഞ്ഞുകൊടുത്തേനെ. ഇത് എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കേണ്ട സാഹചര്യമാണ് – തോമസ് ഐസക് പറയുന്നു.

കൊച്ചി മെട്രോ, സിയാല്‍ ഒക്കെ വായ്പ എടുക്കുന്നത് സര്‍ക്കാര്‍ വായ്പ എടുക്കുന്നതിന് തുല്യമാണോ? സംസ്ഥാനസര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നത് പ്രത്യേക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ബോര്‍ഡുകള്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമായ കാര്യങ്ങള്‍ കേരളത്തിന് മാത്രം ബാധകമാകാതിരിക്കുന്നത് എങ്ങനെയാണ്? ഇവിടെ സര്‍ക്കാരിനെതിരെ സിഎജി ആസൂത്രിതമായി റിപ്പോര്‍ട്ടുകള്‍ നല്‍കുകയാണെന്നും ഐസക് ആരോപിക്കുന്നു.

Top