പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടികള്‍ ബാങ്ക് നിര്‍ത്തിവെയ്ക്കണമെന്ന് തോമസ് ഐസക്

thomas-isaac

കൊച്ചി : ഇടപ്പള്ളി മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടിയില്‍നിന്ന് ബാങ്ക് പിന്മാറണമെന്നും ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ധനമന്ത്രി തോമസ് ഐസക്. ജപ്തിക്കിടയാക്കിയ കാര്യങ്ങളടക്കം സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ബാങ്ക് തയ്യറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഒരു കുടുംബത്തെ തെരുവിലിറക്കിവിട്ടുള്ള ജപ്തി നടപടിയെ സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വളരെ വ്യക്തമാണ്. അത്തരം നടപടികള്‍ ഒഴിവാക്കണമെന്ന് തന്നെയാണ് നേരത്തെയും പറഞ്ഞിട്ടുള്ളത്. വിജയ് മല്യയെ പോലെയുള്ളവര്‍ അനേകം കോടി രൂപ ലോണെടുത്ത് മുങ്ങുമ്പോള്‍ കാണിക്കാത്ത വികാരവും പരവേശവുമൊന്നും ഇക്കാര്യത്തില്‍ ബാങ്കുകള്‍ കാണിക്കേണ്ട കാര്യമില്ലെന്നും ഐസക് പറഞ്ഞു.

ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ വീട് ജപ്തിയ്ക്കുള്ള നീക്കത്തെ തുടര്‍ന്ന് രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. 9ന് രാവിലെ 8.30 ന് മുമ്പ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്.

Top