സാമ്പത്തിക പ്രതിസന്ധി: അടിയന്തരപ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. വി.ഡി സതീശന്‍ എം.എല്‍.എ യാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

അതേസമയം പ്രതിപക്ഷം ആശങ്കപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തില്ലെന്ന് മറുപടി പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ട്. എന്നാല്‍ അതിന് കാരണം കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട നികുതി കുടിശ്ശിക ലഭിക്കാതെ വന്നതിനാലാണ് മറ്റ് മാസങ്ങളേക്കാള്‍ ഈ മാസം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു.

1600 കോടിയോളം രൂപ ജിഎസ്ടി ഇനത്തില്‍ കേന്ദ്രത്തില്‍ നിന്ന് നഷ്ടപരിഹാരമായി ലഭിക്കേണ്ടതുണ്ട്. ആ പണം ഇതുവരെ ലഭിച്ചിട്ടില്ല. മാത്രമല്ല കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രം വന്‍തോതില്‍ വെട്ടിക്കുറിച്ചിരുന്നതിനാല്‍ 6,000 കോടിയുടെ കുറവാണ് വന്നിരിക്കുന്നത്.ഇക്കാരണങ്ങളാലാണ് ഇത്തവണ ഇത്രയും പ്രശ്‌നങ്ങളുണ്ടായതെന്ന് ധനമന്ത്രി പറഞ്ഞു.

ധന മാനേജ്‌മെന്റിലെ പാളിച്ച, വിഭവ സമാഹരണത്തിലെ പിടിപ്പുകേട്, നിയന്ത്രണമില്ലാത്ത ചിലവ്, ധൂര്‍ത്ത് എന്നിവ മൂലമുള്ള ധനപ്രതിസന്ധി സംസ്ഥാനത്ത് വികസന പ്രതിസന്ധി ഉണ്ടാക്കിയെന്ന് കാണിച്ചാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

Top