സംസ്ഥാനത്ത് പ്രൈവറ്റ് ബസുകള്‍ക്ക് ത്രൈമാസ ഇളവ് നല്‍കും; തോമസ് ഐസക്

thomas-issac

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൈവറ്റ് ബസുകള്‍ക്ക് 2020 ജൂലൈ സെപ്തംബര്‍ കാലത്തെ ത്രൈമാസ നികുതി ഇളവു ചെയ്തു നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൊവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറവായതിനാല്‍ വാഹനം സര്‍വ്വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതിയിളവ് നല്‍കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സംസ്ഥാനത്ത് പ്രൈവറ്റ് ബസുകൾക്ക് (സ്റ്റേജ് കാര്യേജ്) 2020 ജൂലൈ – സെപ്തംബർ കാലത്തെ ത്രൈമാസ നികുതി ഇളവു ചെയ്തു നൽകും. കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ വാഹനം സർവ്വീസ് നടത്താതെ കയറ്റിയിട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് നികുതിയിളവ് നൽകാൻ തീരുമാനിച്ചത്. നികുതിയിളവ് നൽകിയാൽ ബസുകൾ നിരത്തിലിറക്കാൻ സാധിക്കുമെന്നാണ് ഉടമകൾ അറിയിച്ചിരിക്കുന്നത്.

വിവാഹങ്ങളും മറ്റു ചടങ്ങുകളും ഏതാണ്ട് പൂർണ്ണമായും ആർഭാടരഹിതമായി നടക്കുന്നതിനാൽ ടൂറിസ്റ്റ് ബസുകൾക്കും (കോൺട്രാക്ട് കാര്യേജ്) ഓട്ടമില്ലാത്ത സ്ഥിതിയാണ്. ഇവയ്ക്കും ഈ കാലയളവിൽ നികുതിയിളവ് നൽകുകയാണ്.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ത്രൈമാസക്കാലത്ത് പ്രൈവറ്റ് ബസുകൾക്ക് പൂർണ്ണമായും ടൂറിസ്റ്റ് ബസുകൾക്ക് 20 ശതമാനവും നികുതിയിളവ് നൽകിയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അടുത്ത ത്രൈമാസ നികുതിയിലും ഇളവ് നൽകുന്നത്.

ഒരു ത്രൈമാസത്തിൽ പ്രൈവറ്റ് ബസുകളിൽ നിന്നും 44 കോടി രൂപയും ടൂറിസ്റ്റ് ബസുകളിൽ നിന്നും 45 കോടി രൂപയുമാണ് നികുതിയിനത്തിൽ ലഭിച്ചുപോരുന്നത്. ഇങ്ങനെ വരുന്ന ത്രൈമാസത്തിൽ 99 കോടി രൂപയുടെ നികുതിയിളവാണ് പ്രൈവറ്റ് ബസുകൾക്കും ടൂറിസ്റ്റ് ബസുകൾക്കുമായി നൽകുന്നത്. കഴിഞ്ഞ ത്രൈമാസത്തിൽ 53 കോടി രൂപയുടെ നികുതിയിളവ് നൽകിയിരുന്നു. ഇതോടെ ബസുകൾക്ക് നൽകുന്ന നികുതിയിളവ് ആകെ 142 കോടി രൂപയാകും.

Top