പെട്ടിമുടിയിലും കരിപ്പൂരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരെ അഭിനന്ദിച്ച് തോമസ് ഐസക്

thomas issac

തിരുവനന്തപുരം: പെട്ടിമുടിയിലും കരിപ്പൂരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ എല്ലാവരെയും അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്. കരിപ്പൂരില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് രക്ഷാപ്രവര്‍ത്തനത്തില്‍ കൈമെയ് മറന്ന് മുഴുകിയ ജനതയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍േദശം ഉള്‍ക്കൊണ്ട് സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:

അപ്രതീക്ഷിതമായ രണ്ടു ദുരന്തങ്ങളിൽ തേങ്ങുകയാണ് കേരളം. രാജമലയിലെ ഉരുൾപൊട്ടലിന്റെ ഞെട്ടൽ മാറുംമുമ്പേ കോഴിക്കോട് വിമാനാപകടം. ഉറ്റവരുടെ വേർപാട് ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കു ചേരട്ടെ. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നു.

അപകടസാധ്യതയുള്ള മേഖലയായി കണക്കാക്കപ്പെട്ട സ്ഥലമല്ല രാജമല. 2018ലെ മഹാപ്രളയത്തിൽപ്പോലും സുരക്ഷിതമായ സ്ഥലമായിരുന്നു പെട്ടിമുടി. ചെറിയൊരു മണ്ണിടിച്ചിൽ പോലും അവിടെ ഉണ്ടായിരുന്നില്ല. അങ്ങനെയൊരു സ്ഥലത്താണ് ഇപ്പോൾ ദുരന്തമുണ്ടായിരിക്കുന്നത്. ചെറിയ ഇടവേളയിൽ പെയ്യുന്ന അതിതീവ്രമഴ നമ്മുടെ മലയോരങ്ങളെ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള അതീവസാധ്യതാകേന്ദ്രങ്ങളായി മാറ്റുന്നുണ്ട്.

ഇത്തരമൊരു അപകടമാകാം രാജമലയിൽ സംഭവിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തൽ.
വിദഗ്ധ പരിശീലനം സിദ്ധിച്ചവർ അടക്കമുള്ള രക്ഷാപ്രവർത്തകരെ ദുരിതാശ്വാസത്തിന് നിയോഗിച്ചിട്ടുണ്ട്. മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും ദുരിതാശ്വാസസഹായം എത്തിക്കേണ്ടതുണ്ട്. ചെയ്യാവുന്നതെല്ലാം സർക്കാർ ചെയ്യും.

കോവിഡ് കാലത്ത് ദുരന്തമുഖത്തേയ്ക്ക് സഹായഹസ്തവുമായി പാഞ്ഞെത്തിയ മനുഷ്യസ്നേഹികൾ നമ്മുടെ നാടിന്റെ അഭിമാനക്കാഴ്ചയായി. അപകട വിവരം അറിഞ്ഞപ്പോൾത്തന്നെ മൂന്നാറിൽ നിന്നും മറയൂരിൽ നിന്നും കാൽനടയായി പെട്ടിമുടിയിലെത്തിയ എത്രയോപേർ. മണ്ണിനടിയിൽ പുതഞ്ഞുപോയവരെ പുറത്തെത്തിക്കാൻ കൈയും മെയ്യും മറന്ന് അവർ പരിശ്രമിച്ചു. അവരുടെ ശ്രമത്തെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. അനുതാപത്തിന്റെ ഏറ്റവും മഹത്തരമായ മാതൃകയാണ് പെട്ടിമുടിയിലും കരിപ്പൂരും നാം കഴിഞ്ഞ ദിവസം ദർശിച്ചത്.

നോക്കൂ. വന്ദേഭാരതം ഫ്ലൈറ്റാണ് അപകടത്തിൽപ്പെട്ടവർ എന്നറിഞ്ഞുകൊണ്ടുതന്നെയാണ് പരിക്കേറ്റവരെയും വാരിയെടുത്ത് കരിപ്പൂരുകാർ ആശുപത്രിയിലേയ്ക്കോടിയത്. കൊറോണാ വൈറസിനെക്കുറിച്ചുള്ള ആധിയൊന്നും ആരെയും പിറകോട്ടടിപ്പിച്ചില്ല. വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശം കണ്ടെയിന്മെന്റ് സോണായിരുന്നു എന്നാണ് മനസിലാക്കുന്നത്. പോരാത്തതിന് രാത്രിയും മഴയും.
ഇതൊന്നും വകവെയ്ക്കാതെ അപകടസ്ഥലത്തേയ്ക്കോടിയെത്തി രക്ഷാപ്രവർത്തത്തിൽ കൈമെയ് മറന്ന് മുഴുകിയ ഈ ജനതയാണ് ദുരന്തത്തിൻ്റെ വ്യാപ്തി വലിയൊരളവിൽ കുറച്ചത്. .

ഒരുകാര്യം കൂടി ഓർമ്മിപ്പിക്കട്ടെ. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാവരും ആരോഗ്യവകുപ്പിന്റെ നിർദ്ദേശം ഉൾക്കൊണ്ട് സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണം. മറ്റുള്ളവരുമായുള്ള സമ്പർക്കവും ഒഴിവാക്കുക. നിങ്ങളുടെ ജീവനും നാടിന് വിലപ്പെട്ടതാണ്.

പെട്ടിമുടിയിലും കരിപ്പൂരും രക്ഷാപ്രവർത്തനത്തിനിറങ്ങിയ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.

Top