സംവരണ നയത്തിന് പിന്നില്‍ മുഴുവന്‍ സാധാരണക്കാരായ ജനങ്ങളെയും അണി നിരത്തണം ;ധനമന്ത്രി

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനത്തില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത്.

തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം.

മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായി എല്ലാ സമുദായങ്ങളിലും സാമ്പത്തികമായ ചേരിതിരിവുകള്‍ ശക്തിപ്പെടുകയാണ്, ശുദ്ധ സ്വത്വവാദികള്‍ ഈയൊരു മാറ്റത്തെ അംഗീകരിക്കുന്നില്ലെന്ന് തോമസ് ഐസക്ക് പറയുന്നു.

എന്നാല്‍ ജാതിമത ഭേദങ്ങള്‍ക്ക് അതീതമായി തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗചേരിതിരിവിനെ അവഗണിക്കാനാവില്ല അത് കൊണ്ടാണ് പിന്നോക്ക സമുദായങ്ങളിലെ ക്രീമിലെയര്‍ വിഭാഗത്തിന് പരിഗണന നല്‍കുന്നതിന് മുന്‍പ് ആ സമുദായങ്ങളിലെ പാവപ്പെട്ടവരെ പരിഗണിക്കണം എന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
“സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള സംവരണത്തെ അട്ടിമറിക്കുന്നതിനുള്ള പരിശ്രമമാണ്‌ ആര്‍.എസ്‌.എസ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരണമെന്ന നയത്തില്‍ എല്‍.ഡി.എഫ്‌. ഉറച്ചു നില്‍ക്കുന്നു.

ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്കു തന്നെ കിട്ടുമെന്ന്‌ ഉറപ്പുവരുത്തേണ്ടതാണ്‌. അതോടൊപ്പം, മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക്‌ 10% സംവരണം ഏര്‍പ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും നടപ്പില്‍ വരാന്‍ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്‌. ഇത്തരമൊരു ഭരണഘടനാ ഭേദഗതി നടപ്പില്‍ വരുത്താന്‍ എല്‍.ഡി.എഫ്‌ പരിശ്രമിക്കുന്നതായിരിക്കും.”

ഇതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാനിഫെസ്റ്റോയില്‍ സംവരണത്തെ കുറിച്ച് പ്രസ്താവിച്ചിട്ടുള്ളത് . ഇതറിയാത്തവര്‍ ആണ് ഈ നയത്തോട് സി പി ഐ ക്ക് എതിര്‍പ്പാണെന്നും അവരുടെ മന്ത്രിമാരുടെ അസാന്നിദ്ധ്യത്തില്‍ ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഒളിച്ചു കടത്തുകയാണ് ഉണ്ടായതെന്നും മറ്റും ആക്ഷേപിക്കുന്നത് . നിശ്ചയമായും സംവരണം സംബന്ധിച്ച് വ്യത്യസ്ത വീക്ഷണങ്ങള്‍ ഉണ്ടാവാം .

എന്നാല്‍ ഇടതു ജനാധിപത്യ മുന്നണി നിലപാട് സുവ്യക്തമാണ് . അതിനു അനുസൃതമായ തീരുമാനം ആണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് .

സംവരണത്തിലൂടെ സാമൂഹ്യസാമ്പത്തീക പിന്നോക്കാവസ്ഥയുടെ പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരം ഉണ്ടാക്കുക സാധ്യമല്ല . പക്ഷെ പിന്നോക്കക്കാരുടെ സാമൂഹ്യസാമ്പത്തീക പുരോഗതിയില്‍ സംവരണത്തിനു ഒരു പങ്ക് നിര്‍വഹിക്കാനാവും എന്ന് കേരളത്തിന്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ മറ്റൊരു യാഥാര്‍ത്ഥ്യം ഉണ്ട് . മുതലാളിത്ത വളര്‍ച്ചയുടെ ഭാഗമായി എല്ലാ സമുദായങ്ങളിലും സാമ്പത്തീകമായ ചേരിതിരിവുകള്‍ ശക്തിപ്പെടുകയാണ്‌ .

ശുദ്ധ സ്വത്വവാദികള്‍ ഈയൊരു മാറ്റത്തെ അംഗീകരിക്കുന്നില്ല . എന്നാല്‍ ജാതിമത ഭേദങ്ങള്‍ക്ക് അതീതമായി തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിക്കാന്‍ ശ്രമിക്കുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗചേരിതിരിവിനെ അവഗണിക്കാനാവില്ല . അത് കൊണ്ടാണ് പിന്നോക്ക സമുദായങ്ങളിലെ ക്രീമിലെയര്‍ വിഭാഗത്തിന് പരിഗണന നല്‍കുന്നതിന് മുന്‍പ് ആ സമുദായങ്ങളിലെ പാവപ്പെട്ടവരെ പരിഗണിക്കണം എന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്.

ഇത് സംബന്ധിച്ച് നിലവിലുള്ള സംവരണ തത്വങ്ങള്‍ അതേപടി തുടരണം എന്ന കാര്യത്തില്‍ ആര്‍ എസ് എസും ബിജെപിയും ഒഴിച്ച് പൊതുവില്‍ അഭിപ്രായയോജിപ്പ് ഉണ്ട് . എന്നാല്‍ സംവരണവിരുദ്ധ സവര്‍ണ്ണരും ആര്‍ എസ് എസും മുന്നൂക്ക സമുദായങ്ങളിലെ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവരുടെ ദുരവസ്ഥ ചൂണ്ടിക്കാണിച്ചു കൊണ്ട് സംവരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് .

ഈ നീക്കത്തെ ചെറുക്കുന്നതിനും സംവരണ നയത്തിന് പിന്നില്‍ അവര്‍ണ്ണരെ മാത്രമല്ല മുഴുവന്‍ സാധാരണക്കാരായ ജനങ്ങളെയും അണി നിരത്തേണ്ടതുണ്ട്. ഇതിന് നിലവിലുള്ള പിന്നോക്ക സമുദായസംവരണത്തില്‍ കുറവ് വരുത്താതെ മുന്നോക്കക്കാരിലെ പിന്നോക്ക വിഭാഗത്തിന് സംവരണം നല്‍കുന്നത് സഹായകരമാകും എന്ന് സി പി എം നിലപാട് എടുത്തിട്ടുള്ളത് .

ഇത് പൊടുന്നനെ ആരെങ്കിലും എടുത്ത തീരുമാനം അല്ല . എഴുപതുകളിലും എണ്‍പതുകളിലും നടന്ന ശക്തമായ ഉള്‍പ്പാര്‍ട്ടി ആശയ സമരത്തിന്റെ പര്യവസാനത്തില്‍ എത്തിച്ചേര്‍ന്ന നിലപാട് ആണ് . അതാണ്‌ മാനിഫെസ്റ്റോയില്‍ പറഞ്ഞിട്ടുള്ളത് . ശുദ്ധ സ്വത്വവാദികള്‍ക്ക് ഇത് ദഹിക്കാത്തത് സ്വാഭാവികം മാത്രം . എന്നാല്‍ വര്‍ഗ്ഗ സമീപനം ഉയര്‍ത്തിപ്പിടിക്കുന്ന ചില സുഹൃത്തുക്കള്‍ ഈ ശുദ്ധ സ്വത്വവാദധാരയ്ക്ക് കീഴടങ്ങുന്നത് കാണുമ്പോള്‍ വിസ്മയം തോന്നുന്നു

Top