കൊലക്കത്തിയെ ഭയന്ന് ചെങ്കൊടി താഴ്ത്തി വെയ്ക്കുമെന്ന് വ്യാമോഹിക്കരുത്; തോമസ് ഐസക്

തിരുവനന്തപുരം: തൃശൂര്‍ കുന്നംകുളത്ത് സിപിം പ്രവര്‍ത്തകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. ആത്മസംയമനം സിപിഎമ്മിന്റെ ദൗര്‍ബല്യമായി കാണരുത്. കൊലക്കത്തിയെ ഭയന്ന് ചെങ്കൊടി താഴ്ത്തി വെയ്ക്കുമെന്ന് വ്യാമോഹിക്കുകയുമരുത്.

സിപിഐഎം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കണമെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു സഖാവു കൂടി ആർഎസ്എസിന്റെ കൊലക്കത്തിയ്ക്കിരയായിരിക്കുന്നു. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സഖാവ് സനൂപ്. ആ സഖാവിനൊപ്പമുണ്ടായിരുന്നവരും ആക്രമിക്കപ്പെട്ടു. എല്ലാവരും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ജീവനുവേണ്ടി പൊരുതുകയാണ്. സഖാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതുപോലെ, ആത്മസംയമനം സിപിഎമ്മിന്റെ ദൌർബല്യമായി കാണരുത്. കൊലക്കത്തിയെ ഭയന്ന് ചെങ്കൊടി താഴ്ത്തി വെയ്ക്കുമെന്ന് വ്യാമോഹിക്കുകയുമരുത്.
ഇരുപത്തിയാറ് വയസാണ് സനൂപിനു പ്രായം. കൊല്ലപ്പെടുന്നത് ആശുപത്രിയിലേയ്ക്ക് പൊതിച്ചോറു സമാഹരിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനിടെ. ഇത്തരത്തിൽ നാട്ടിലാകെ സാഹോദര്യത്തിന്റെയും സഹാനുഭൂതിയുടെയും വെളിച്ചം പരത്തുന്ന ചെറുപ്പക്കാരെ കൊന്നു തള്ളാൻ ആർഎസ്എസിനു മാത്രമേ കഴിയൂ.
കോൺഗ്രസിന്റെയും ജമായത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയുമൊക്കെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തിൽ ആർഎസ്എസിനുണ്ട്. പാർടിസഖാക്കളുടെ ജീവനെടുക്കാൻ എളിയിൽ കത്തി തിരുകി അവർ കൈകോർത്തു നിൽക്കുകയാണ്. ഈ കൊലപാതകമുന്നണിയെ ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തവും സിപിഐഎം ഏറ്റെടുക്കും.
സിപിഐഎം സംസ്ഥാന സെക്രട്ടറി ആഹ്വാനം ചെയ്തതുപോലെ, ആർ എസ് എസ്/ബി ജെ പി- കോൺഗ്രസ് പ്രവർത്തകർ കൊലക്കത്തി താഴെവെക്കാൻ തയ്യാറാവണം. സിപിഐ എം പ്രവർത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങൾ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കണം.
ധീര രക്തസാക്ഷി സഖാവ് സനൂപിന് അന്ത്യാഭിവാദ്യങ്ങൾ. ലാൽസലാം.
Top