ക്രൂരതയുടെ കാര്യത്തില്‍ മുന്‍ഗാമികളെ കവച്ചുവയ്ക്കുകയാണ് ആദിത്യനാഥ് ;തോമസ് ഐസക്

thomas-issac

തിരുവനന്തപുരം : ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ സംഭവം ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യമാകെ സംഘപരിവാര്‍ അഴിച്ചുവിടാന്‍ പോകുന്ന കലാപശ്രമങ്ങളുടെ സൂചനകളാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്.

ക്രൂരതയുടെ കാര്യത്തില്‍ മുന്‍ഗാമികളെ കവച്ചുവയ്ക്കുകയാണ് യുപിയിലെ ബിജെപി സര്‍ക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമെന്നും അദ്ദേഹം ഫേയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ
ക്രൂരതയുടെ കാര്യത്തിൽ മുൻഗാമികളെ കവച്ചുവെയ്ക്കുകയാണ് ഉത്തർപ്രദേശിലെ ബിജെപി സർക്കാരും മുഖ്യമന്ത്രി യോഗി ആദിത്യനാഥും. ബുലന്ദ‌്ശഹറിൽ പൊലീസ‌് ഇൻസ‌്പെക്ടർ സുബോധ‌്കുമാർ സിങ്ങിനെ കൊലപ്പെടുത്തിയ സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തുക എന്നത് സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രഥമപരിഗണനാവിഷയമായില്ല എന്നത് രാജ്യത്തെ ഞെട്ടിക്കുന്ന സൂചനയാണ്. ഒരു നിരപരാധിയെയും ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

ഈ സംഭവത്തിനു പിന്നാലെ പുറത്തുവന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ, കൊല ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ചൊരു വാക്കുപോലും പരാമർശിച്ചില്ലെന്നു മാത്രമല്ല, ഗോഹത്യയ്ക്ക് ഉത്തരവാദികളെ സകലരെയും ഉടൻ അറസ്റ്റു ചെയ്യണമെന്ന കർശന നിർദ്ദേശം നൽകുകയും ചെയ്തു. രാജ്യമാകെ വിമർശനം ഉയർന്നതിനെത്തുടർന്നാണ് സുബോധ്കുമാറിന്റെ കുടുംബത്തെ സന്ദർശിക്കുമെന്നു പ്രസ്താവിക്കാനും കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കാനും മുതിർന്നത്. പക്ഷേ, അതിനകം സംഘപരിവാറിൻ്റെ അജണ്ട യോഗി ആദിത്യനാഥിലൂടെ പുറത്തു വന്നു കഴിഞ്ഞിരുന്നു.

അതീവഗുരുതരമാണ് ഉത്തർപ്രദേശിലെ സ്ഥിതി. ലോക്സഭാതിരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യമാകെ സംഘപരിവാർ അഴിച്ചുവിടാൻ പോകുന്ന കലാപശ്രമങ്ങളുടെ എല്ലാ സൂചനകളും ബുലന്ദ്ശഹർ സംഭവത്തിലുണ്ട്. ദുരൂഹമായ സാഹചര്യത്തിലാണ് പശുവിന്റെ അവശിഷ്ടങ്ങൾ ഗ്രാമത്തിൽ കണ്ടെത്തിയത് എന്നകാര്യം പ്രധാന മാധ്യമങ്ങളെല്ലാം റിപ്പോർട്ടു ചെയ്യുന്നു. വർഗീയ സംഘർഷം കുത്തിപ്പൊക്കാൻ സംഘപരിവാർ സംഘടനകൾ സ്വീകരിക്കുന്ന പതിവുരീതികളുടെ മുദ്രകളെല്ലാം ഈ സംഭവത്തിലുണ്ടെന്നാണ് നിരീക്ഷകർ ഏകസ്വരത്തിൽ ചൂണ്ടിക്കാട്ടുന്നത്.

ആൾക്കുട്ടത്തെ ഇളക്കിവിട്ട യോഗേഷ് രാജ് എന്ന ബജ്രംഗദൾ നേതാവ് അപ്രത്യക്ഷനായെന്നാണ് എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നത്. പതിനൊന്നും പന്ത്രണ്ടും വയസു പ്രായമുള്ള രണ്ടു കുട്ടികൾ ഉൾപ്പെടെ ഏഴു പേരുടെ പേരിൽ ഇയാൾ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്. ഇതിൽ നാലുപേരുകൾ വ്യാജമാണെന്നും വാർത്ത ചൂണ്ടിക്കാണിക്കുന്നു. ഈ കുട്ടികളടക്കമുള്ളവർക്കുനേരെ പോലീസ് വേട്ട ആരംഭിച്ചുകഴിഞ്ഞു.

ഫ്രിഡ്ജിൽ ഗോമാംസം സൂക്ഷിച്ചെന്നാരോപിച്ച് ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാഖിന്റെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോൾ കൊല്ലപ്പെട്ട സുബോധ്കുമാർ. സുബോധ്കുമാറിനെ വകവരുത്താൻ വേണ്ടി ആസൂത്രണം ചെയ്ത സംഭവമാണോ എന്നും വ്യാപകമായി സംശയം ഉയരുന്നുണ്ട്.

സംസ്ഥാനത്താകെ വർഗീയ സംഘർഷം ഇളക്കിവിടാൻ പ്രകോപനം സൃഷ്ടിക്കുന്ന പ്രസംഗങ്ങളിലൂടെ മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ നേതൃത്വം നൽകുന്നു എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആരോപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് കലാപശ്രമങ്ങൾ നടത്തുമ്പോൾ, തങ്ങൾ ശിക്ഷിക്കപ്പെടില്ല എന്ന് കലാപകാരികൾ ചിന്തിക്കുക സ്വാഭാവികം. 2002ൽ ലോകത്തെ ഞെട്ടിച്ച വംശീയകലാപമുണ്ടായ ഗുജറാത്തിൽ നിലനിന്നതിനു സമാനമാണ് ഉത്തർപ്രദേശിൽ നിലനിൽക്കുന്നത്.

രാജ്യമാകെ സംഘപരിവാറിൻ്റെ ഹീനശ്രമങ്ങൾക്കെതിരെ ജാഗരൂകമാകണം. എവിടെയും ഏതു നിമിഷവും കലാപവും അതിലൂടെ വർഗീയ ചേരിതിരിവും സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ അധികാരം നിലനിർത്തണമെങ്കിൽ എന്തു ചെയ്തും വർഗീയത ആളിക്കത്തിച്ചേ തീരൂ എന്ന അവസ്ഥയിലാണ് സംഘപരിവാർ. മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി നിന്നുകൊണ്ടല്ലാതെ ഈ നീക്കങ്ങളെ ചെറുക്കാനാവില്ല.

Top