കണ്‍സള്‍ട്ടന്‍സി നയം കോണ്‍ഗ്രസ് കേന്ദ്രത്തില്‍ തുടങ്ങിവെച്ചത്; തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്ത് കണ്‍സള്‍ട്ടന്‍സി കരാറുകളെ സംബന്ധിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങളെ തള്ളി ധനമന്ത്രി തോമസ് ഐസക്. എല്ലാ പദ്ധതികള്‍ക്കും കണ്‍സള്‍ട്ടന്‍സി വേണമെന്ന സമീപം എല്‍ഡിഎഫ് സര്‍ക്കാരിനില്ല. അത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തുടങ്ങിവെച്ച രീതിയാണെന്ന് തോമസ് ഐസക് പറഞ്ഞു.

കണ്‍സള്‍ട്ടന്‍സികള്‍ വേണം എന്നുള്ള സാഹചര്യം വരും. കാരണം കേരളത്തില്‍ ഇതുവരെ കാണാത്ത പദ്ധതികളാണ് നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ സാധാരണഗതിയിലുള്ള ബജറ്റ് ചുമതലകളെ ഏല്‍ക്കുന്നതിനുളള പ്രാപ്തി മാത്രമേ ഉള്ളൂ

നല്ല പദ്ധതികള്‍ നടപ്പിലാക്കാനാണ് കണ്‍സള്‍ട്ടന്‍സികളെ നിയമിക്കുന്നതും പഠനം നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതുമെല്ലാം. സര്‍ക്കാരിന് ചെയ്തുതീര്‍ക്കാന്‍ പറ്റുന്നതിനപ്പുറമുള്ള പ്രോജക്ടുകള്‍ വരുമ്പോഴാണ് കണ്‍സള്‍ട്ടന്‍സിയെ ഏല്‍പ്പിക്കുന്നത്’. ഏത് കരാറാണ് ടെണ്ടര്‍ വിളിക്കാതെ ചെയ്തിട്ടുള്ളതെന്നും ഐസക് ചോദിച്ചു.

വിമാനത്താവളത്തിന്റെ ഭൂമി സംബന്ധിച്ച സാധ്യതാപഠനത്തിനാണ് കണ്‍സള്‍ട്ടന്‍സി നല്‍കിയത്. സാധ്യതാപഠനം നടത്തിയിട്ടാണ് ഭൂമി ഏറ്റെടുക്കേണ്ടത്, ഭൂമി ഏറ്റെടുത്തിട്ടല്ല സാധ്യതാപഠനം നടത്തേണ്ടത്. ഭൂമി ഏറ്റെടുത്ത് കരാര്‍ നല്‍കാനാവില്ല. പലവന്‍കിട പദ്ധതകളും എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്ന് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. അത് സര്‍ക്കാരിനുള്ള നേട്ടമാണ്. ഇതിന്റെ വെപ്രാളമാണ് യുഡിഎഫിനുള്ളതെന്നും ഐസക് പറഞ്ഞു.

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ബജറ്റില്‍ പറഞ്ഞിട്ടുള്ള വരുമാനം 10 ശതമാനമോ മറ്റോ കുറയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ബജറ്റില്‍ പറഞ്ഞതിന്റെ പാതി വരുമാനമേ ഇപ്പോള്‍ സര്‍ക്കാരിനുള്ളൂ. ബജറ്റിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി, വരുമാനം കുറയുമ്പോഴും ചെലവുകള്‍ കൂടിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Top