ചെന്നിത്തലക്ക് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റിയെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി – സിഎജി വിവാദത്തില്‍ കെപിസിസി സെക്രട്ടറി മാത്യു കുഴല്‍നാടന്‍ ആര്‍എസ്എസുകാരുടെ വക്കാലത്തെടുത്തെന്ന് വീണ്ടും ആരോപിച്ച് ധനമന്ത്രി തോമസ് ഐസക്. ഇങ്ങിനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കിഫ്ബിക്ക് എതിരായ നീക്കത്തിന് പച്ചക്കൊടി വീശിയത് ആര്‍എസ്എസ് നേതാവ് റാം മാധവാണ്. രാഷ്ട്രീയ ഗൂഢാലോചന നടന്നു. രാമനിലയത്തില്‍ വെച്ച് ചര്‍ച്ച നടന്നു. നിയമസഭാ പാസാക്കിയ കിഫ്ബി നിയമത്തില്‍ എല്ലാം കൃത്യമായി പറയുന്നുണ്ട്. കോര്‍പറേറ്റ് ബോഡിയാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കെപിസിസി സെക്രട്ടറി മാത്യു കുഴല്‍നാടന്‍ ആര്‍എസ്എസുകാരുടെ വക്കാലത്തെടുത്തു. രഞ്ജിത് കാര്‍ത്തികേയനും കുഴല്‍നാടനും കൂടിക്കാഴ്ച നടത്തി.

ഡല്‍ഹിയിലെ ഏത് നിയമ സ്ഥാപനമാണ് പരാതി തയ്യാറാക്കി നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കുഴല്‍ നാടന്‍ തയ്യാറാകണം. റാം മാധവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് യഥാര്‍ത്ഥ പരാതി തയ്യാറാക്കിയത്. ആസൂത്രണമെല്ലാം നടന്നത് ഡല്‍ഹിയിലാണ്. സ്വദേശി ജാഗരണ്‍ മഞ്ച് ആര്‍എസ്എസിന്റെ ഭാഗമല്ലെന്ന് പ്രഖ്യാപിക്കട്ടെ. ഇങ്ങിനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോയെന്നും ഐസക് ചോദിച്ചു.

കിഫ്ബി വഴിയുളള വായ്പ തെറ്റാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടില്ല, പക്ഷേ ചെന്നിത്തല പറയുന്നു. പ്രതിപക്ഷ നേതാവിന് അധികാര ഭ്രാന്ത് മൂത്ത് സമനില തെറ്റി. പ്രതിപക്ഷ നേതാവ് ഒളിച്ചുകളി നിര്‍ത്തി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്ക്, സെബി അനുമതികളോടെയാണ് വായ്പ എടുത്തത്. അതൊന്നും സിഎജി മനസിലാക്കുന്നില്ല. നിയമപരമായി നേരിടാന്‍ ഒരു ഭയവും ഇല്ല. രാഷ്ട്രീയമായി നേരിടുമെന്നും ഐസക് പറഞ്ഞു.

Top