കിഫ്ബി എന്തെന്നറിയാത്ത കോമാളികളാണ് ഇഡിയില്‍; തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കേന്ദ്രത്തെ വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്ക്. തന്നെ വിളിപ്പിക്കുമെന്ന് ഇഡി വിരട്ടേണ്ട. കേരളം ഭരിക്കുന്നത് കോണ്‍ഗ്രസല്ല, ഇടതുപക്ഷമാണ്. രണ്ടു തവണ കിഫ്ബി ഉദ്യോഗസ്ഥരെ വിളിപ്പിച്ചെന്നും മന്ത്രി വെളിപ്പെടുത്തി.

ഇഡി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നാണ് ഐസക്ക് ആരോപിക്കുന്നത്. ഇഡിയെ ധനമന്ത്രി നിര്‍മല സീതാരാമന്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്നും ഉത്തരേന്ത്യയിലെ കോണ്‍ഗ്രസുകാരോടുള്ള കളി കേരളത്തില്‍ നടത്താമെന്ന് ചിന്തിക്കേണ്ടെന്നും ഐസക്ക് മുന്നറിയിപ്പ് നല്‍കി.

കിഫ്ബി എന്തെന്നറിയാത്ത ഒരു കൂട്ടം കോമാളികളാണ് ഇഡിയിലുള്ളതെന്ന് പരിഹസിച്ച ഐസക്ക് ജസ്ഥാനിലെ ബിജെപി നേതാവിന്റെ മകനാണ് അന്വേഷണം നടത്തുന്നതെന്നും ആരോപിച്ചു. പേടിച്ച് പിന്‍മാറാന്‍ സംസ്ഥാനം തയ്യാറല്ലെന്നും കേരള വികസനം അട്ടിമറിക്കാനുളള ഗൂഡാലോചനയാണ് നടക്കുന്നതെന്നും ഐസക്ക് ആവര്‍ത്തിച്ചു.

ഫെമ ലംഘനം നടന്നിട്ടില്ലെന്നും കിഫ്ബി ബോഡി കോര്‍പറേറ്റാണെന്നും വിശദീകരിച്ച ഐസക്ക് കിഫ്ബിയെ ഞെക്കിക്കൊല്ലാന്‍ കേന്ദ്ര ധനമന്ത്രി തന്നെ രംഗത്തിറങ്ങിയിരിക്കുകയാണെന്നും ഇതില്‍ കിഫ്ബി വീഴില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Top