ഇന്ധനനികുതി കുറയ്ക്കാനാകില്ല, കേന്ദ്ര നിലപാട് വിചിത്രമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും ഇന്ധനനികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണമെന്നുള്ള കേന്ദ്ര നിലപാട് വിചിത്രമാണെന്നും ഇന്ധന നികുതി കൂടുന്നത് വികസനത്തിന് തിരിച്ചടിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഒരു രൂപ നികുതി വേണ്ടെന്ന് വച്ചപ്പോള്‍ പ്രതിവര്‍ഷനഷ്ടം 500 കോടി ആണെന്ന് തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന നിര്‍ദ്ദേശം കേന്ദ്ര ധനമന്ത്രാലയം തള്ളുകയിരുന്നു. രണ്ട് രൂപ കുറച്ചാല്‍ 30000 കോടി രൂപയുടെ നഷ്ടമുണ്ടാകും തെരുവിലെ സമരത്തിനു കീഴടങ്ങില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. ഇന്നലെ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണം എന്നതായിരുന്നു മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ നിര്‍ദ്ദേശം.

പെട്രോളിന് 19 രൂപ 48 പൈസയും ഡീസലിന് 15 രൂപ മുപ്പത്തി മൂന്ന് പൈസയുമാണ് എക്‌സൈസ് തീരുവ. രണ്ട് രൂപ കുറയ്ക്കണം എന്ന ശുപാര്‍ശ മന്ത്രിസഭാ യോഗത്തില്‍ എത്തുമെന്ന അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ രണ്ടു രൂപ കുറച്ചാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള 30,000 കോടി രൂപ കുറയുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ആറ് ശതമാനം മുതല്‍ 39 ശതമാനം വരെയാണ് സംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതി. ആന്ധ്രയും രാജസ്ഥാനും നികുതി കുറച്ചു. പഞ്ചാബ് നികുതി മരവിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്.

കേന്ദ്രം കള്ളക്കണക്കു പറയുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ബിജെപിയുടെ ഭരണകാലത്ത് 13 ശതമാനം മാത്രമാണ് വര്‍ദ്ധനയെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. യുപിഎ കാലത്ത് 75 ശതമാനം വില കൂട്ടിയെന്നാണ് ആരോപണം. ധനമന്ത്രാലയം കര്‍ശന നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇന്ധനവില ചര്‍ച്ച ചെയ്യില്ല.

Top