ദീര്‍ഘകാലം ധനമന്ത്രിയായിരുന്നിട്ടും ഒരു കാര്യവും തോമസ് ഐസക് ചെയ്തില്ല:ആന്റോ ആന്റണി

പത്തനംതിട്ട: തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി ആന്റോ ആന്റണി എംപി. ദീര്‍ഘകാലം ധനമന്ത്രിയായിരുന്നിട്ടും ഗൗരവമായ ഒരു കാര്യവും തോമസ് ഐസക് ചെയ്തില്ലെന്നായിരുന്നു വിമര്‍ശനം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നില്ലെങ്കിലും നിയുക്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി എംപി പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെയായിരുന്നു നിയുക്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിനെതിരായ വിമര്‍ശനം.

മൂന്നുതവണ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും എടുത്തു പറയത്തക്ക ഒരു വികസന പ്രവര്‍ത്തനവും അന്റോ ആന്റണി എംപിക്ക് നടത്താന്‍ കഴിഞ്ഞില്ലെന്ന് എല്‍ഡിഎഫ് വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയും ആന്റോ ആന്റണി എംപി നല്‍കുന്നുണ്ട്. തന്റെ വികസന പ്രവര്‍ത്തനം ജനങ്ങള്‍ക്കറിയാം എന്നായിരുന്നു പ്രതികരണം.

ശബരിമല വിഷയം ഇക്കുറിയും മണ്ഡലത്തില്‍ ചര്‍ച്ചയാകുമെന്നും ആന്റോ ആന്റണി എംപി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ശബരിമല അയ്യപ്പഭക്തരാരും ഇക്കുറി ഇടതുമുന്നണിക്ക് വേണ്ടി വോട്ട് ചെയ്യില്ല. ശബരിമല തീര്‍ത്ഥാടനം ദുസ്സഹമാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. ഇക്കുറിയും പത്തനംതിട്ടയില്‍ യുഡിഎഫിന് വിജയം ഉറപ്പാണ്. ഭൂരിപക്ഷ ന്യൂനപക്ഷ സമുദായങ്ങളുടെ പിന്തുണ യുഡിഎഫിനുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു.

Top