റാഫേല്‍ ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് ധനമന്ത്രി തോമസ് ഐസക്

thomas-isaac

തിരുവനന്തപുരം : റാഫേല്‍ ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് ധനമന്ത്രി തോമസ് ഐസക്. അനില്‍ അംബാനിയുടെ കടലാസ് കമ്പനിയ്ക്ക് യുദ്ധവിമാനം നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് തോമസ് ഐസക് ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കാന്‍ ഈ സമിതി അനിവാര്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

126 വിമാനങ്ങളുടെ വില കൊടുത്ത് 36 വിമാനങ്ങൾ. പൊടുന്നനെ പൊട്ടിമുളച്ച അനിൽ അംബാനിയുടെ കടലാസ് കമ്പനിയ്ക്ക് യുദ്ധവിമാനം നിർമ്മിക്കാനുള്ള കരാർ. ഏഴു പതിറ്റാണ്ടുകാലമായി ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന എച്ച്എഎൽ എന്ന പൊതുമേഖലാ സ്ഥാപനം ദുരൂഹമായി പദ്ധതിയിൽ നിന്ന് പുറത്ത്.

സ്വജനപക്ഷപാതത്തിന്‍റെയും അഴിമതിയുടെയും പൊതുമുതൽ ദുരുപയോഗത്തിന്‍റെയും കാര്യത്തിൽ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായി മാറുകയാണ് റാഫേൽ ഇടപാട്.

വിശദീകരണങ്ങൾക്കും ചുമതലപ്പെടുത്തിയിരിക്കുന്ന കേന്ദ്രമന്ത്രിമാരാകട്ടെ, വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് വൈരുദ്ധ്യങ്ങളുടെ ആഴം കൂട്ടുകയാണ്. സ്വന്തം നെറ്റിയ്ക്കു നേരെ ആരോപണത്തിന്റെ മുന നീണ്ടിട്ടും പ്രധാനമന്ത്രി ഇതേവരെ പ്രതികരിക്കുന്നില്ല.
എത്ര രൂപ നൽകിയാണ് റഫേൽ ഇടപാടു വഴി ഇന്ത്യ വിമാനം വാങ്ങുന്നത്? ആ ചോദ്യത്തിന് മറുപടി പറയാൻ ബന്ധപ്പെട്ടവർക്കു ബാധ്യതയുണ്ട്. ലളിതമായ ഈ ചോദ്യത്തിന് മറുപടി പറയാൻ എന്തിനാണ് കേന്ദ്രമന്ത്രിസഭയിലെ ചുമതലപ്പെട്ടവർ പരുങ്ങുന്നത്?

സുരക്ഷാ കാരണങ്ങളാൽ വില വെളിപ്പെടുത്താനാവില്ലെന്നാണ് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ പറയുന്നത്. എന്തു സുരക്ഷ? ഒരു വിമാനത്തിന്റെ വില 1670 കോടിയെന്ന് കരാറിലെ പങ്കാളികളായ ദസ്സാൾട്ടും റിലയൻസും വെളിപ്പെടുത്തിക്കഴിഞ്ഞു. പ്രതിരോധമന്ത്രാലയത്തിന്റെ രഹസ്യം, സ്വകാര്യകമ്പനികൾ അങ്ങാടിപ്പാട്ടാക്കി. ഏത് ആകാശമാണ് ഇടിഞ്ഞു വീണത്?

പൊതുസമൂഹത്തിൽ നിന്ന് വിമാനവില മറച്ചുവെയ്ക്കാൻ പ്രതിരോധമന്ത്രാലയം വെമ്പുന്നതിനു കാരണം അഴിമതിയല്ലാതെ മറ്റെന്താണ്? യുപിഎ കാലത്ത് 526 കോടി രൂപയ്ക്ക് വാങ്ങാൻ തീരുമാനിച്ചിരുന്ന വിമാനമാണ് 1670 കോടി രൂപയ്ക്ക് ഇപ്പോൾ വാങ്ങുന്നത്. ഒരു വിമാനത്തിന്റെ വിലയിൽത്തന്നെ ആയിരത്തിൽപ്പരം കോടിയുടെ വ്യത്യാസം. വിശ്വസനീയമായ ഒരു ന്യായവും ഇതുവരെ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നൽകിയിട്ടില്ല.

അനിൽ അംബാനിയുടെ റിലയൻസ് ഈ കരാറിൽ എങ്ങനെ കയറിക്കൂടി എന്ന കാര്യത്തിലും തൃപ്തികരമായ വിശദീകരണമില്ല. യുപിഎ കാലത്ത് ഈ കരാറുമായി മുന്നോട്ടു പോയത് മുകേഷ് അംബാനിയുടെ റിലയൻസാണ്. 2014ൽ പ്രതിരോധനമേഖലയിൽ നിന്ന് പിന്മാറാൻ മുകേഷ് അംബാനി തീരുമാനിച്ചതോടെ ദസ്സാൾട്ടുമായുള്ള ബന്ധം ഇല്ലാതായി. അക്കാലത്ത് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡും ചിത്രത്തിലുണ്ടായിരുന്നു. കരാർ ഉറപ്പിച്ച 126 വിമാനങ്ങളിൽ 108ഉം ദസാൾട്ടും എച്ച്എഎല്ലും സംയുക്തമായി ഇന്ത്യയിൽ നിർമ്മിക്കാനാണ് പദ്ധതിയിട്ടത്.

ഈ സംരംഭത്തിൽ നിന്ന് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ വെട്ടിമാറ്റി അനിൽ അംബാനിയുടെ തട്ടിക്കൂട്ടു കമ്പനിയെ പ്രതിഷ്ഠിക്കുകയാണ് നരേന്ദ്രമോദി ചെയ്തത്. ഫ്രാൻസിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് മോദി പ്രഖ്യാപിച്ചത് 2015 ഏപ്രിൽ 10നാണ്. അതിന് പതിമൂന്നു ദിവസങ്ങൾക്കു മുമ്പു മാത്രമാണ് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ലിമിറ്റഡ് സ്ഥാപിതമായത്. അന്നത്തെ ഫ്രാൻസ് സന്ദർശനത്തിൽ മോദിയ്ക്കൊപ്പം അനിൽ അംബാനിയുമുണ്ടായിരുന്നെന്നും വാർത്തകളുണ്ട്.

ഒരു കളിത്തോക്കുപോലും നിർമ്മിച്ചു പരിചയമില്ലാത്ത, ഒരു കടലാസ് കമ്പനിയ്ക്ക് ഇത്രയും വലിയൊരു കരാറിൽ പങ്കാളിത്തമുണ്ടായതിനു പിന്നിൽ ഇനിയും പുറത്തുവരാത്ത കാരണങ്ങളുണ്ട്.

ദുരൂഹതകളുടെ ചുരുളുകളെല്ലാം അഴിയണം. അതിനാവശ്യം സമഗ്രമായ അന്വേഷണമാണ്. അതിന് ഏറ്റവും ഉന്നതതലത്തിൽ അന്വേഷണം വേണം. സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു കഴിഞ്ഞു. വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കാൻ ഈ സമിതി അനിവാര്യമാണ്.

Top