വിജിലന്‍സ് റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ലെന്ന് തോമസ് ഐസക്

thomas-issac

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ റെയ്ഡ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ അതൃപ്തി അറിയിച്ച് ധനമന്ത്രി തോമസ് ഐസക്. വിജിലന്‍സ് റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ല, റെയ്ഡ് വകുപ്പുമന്ത്രി അറിയണമായിരുന്നുവെന്നും അദ്ദേഹം യോഗത്തില്‍ ആവര്‍ത്തിച്ചു. നവംബര്‍ പത്തിനാണ് വിജിലന്‍സ് ഡയറക്ടര്‍ ഈ റെയ്ഡിനുള്ള ഉത്തരവില്‍ ഒപ്പുവെയ്ക്കുന്നത്. അതിനു ശേഷം ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇക്കാര്യം തന്നെ ആരും അറിയിച്ചില്ലെന്നും പരാതിരൂപേണെ തോമസ് ഐസക് ഉന്നയിച്ചു.

കെ.എസ്.എഫ്.ഇ ശാഖകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം തോമസ് ഐസക് പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനേ വിജിലന്‍സ് റെയ്ഡ് ഉപകരിക്കൂ, ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തില്‍ പരിശോധനയാവാം. അതിന് കെ.എസ്.എഫ്.ഇ. മാനേജ്‌മെന്റിനെ അറിയിക്കണം.

എവിടെയൊക്കെയാണ് പരിശോധന നടത്തേണ്ടതെന്നും അറിയിക്കണം. അല്ലാതെ ശാഖകളില്‍ കൂട്ടത്തോടെ മിന്നല്‍പ്പരിശോധന നടത്തേണ്ട കാര്യമില്ല. വിജിലന്‍സ് അന്വേഷണത്തിന് ആരും എതിരല്ല. എതിരാളികള്‍ക്ക് താറടിക്കാന്‍ അവസരം ഉണ്ടാക്കികൊടുക്കരുത്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമില്ല. വിജിലന്‍സ് ഭാഗത്തുനിന്നുള്ള വീഴ്ച സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയോടെയാണ് തിരഞ്ഞെടുത്ത 40 ശാഖകളില്‍ പരിശോധന നടത്തിയത്, വിജിലന്‍സിന് അവരുടേതായ പരിശോധനാ രീതികള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top