ഇനിയുള്ള മത്സരം രണ്ടാം പിണറായി സര്‍ക്കാരിന് വേണ്ടിയെന്ന് തോമസ് ഐസക്

thomas-issac

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ മാറി നില്‍ക്കണം എന്ന് പറയാനുള്ള ആര്‍ജവം സിപിഎമ്മിനേയുള്ളൂവെന്നും അതൊരിക്കലും കോണ്‍ഗ്രസിന് കഴിയില്ലെന്നും ധനമന്ത്രി തോമസ് ഐസക്.

രണ്ടാം പിണറായി സര്‍ക്കാരിന് വേണ്ടിയാണ് ഇനിയുള്ള മത്സരം. കിഫ്ബി വഴി ആലപ്പുഴ ജില്ലയില്‍ തുടങ്ങിയ വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പി.പി.ചിത്തരഞ്ജനെ വിജയിപ്പിക്കേണ്ടതുണ്ട്. അതിനുള്ള അംഗീകാരം ജനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുജറാത്തിനേക്കാള്‍ വികസനം കേരളത്തിലുണ്ടാക്കാന്‍ പോകുകയാണ്.

വലിയ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കുന്നതായിരിക്കും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടന പത്രിക. സര്‍ക്കാരുമായി ബന്ധപ്പെടുണ്ടായ വിവാദങ്ങള്‍ക്ക് ആയുസ് കുറവാണ്. രാഷ്ട്രിയമായ മത്സരം തുടങ്ങുമ്പോള്‍ വിവാദങ്ങള്‍ മാറി നില്‍ക്കും. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നത്. അമിത് ഷാ എന്ത് പറഞ്ഞാലും ബിജെപി വിദൂര എതിരാളി മാത്രമായിരിക്കും. കളം പിടിക്കാന്‍ അവര്‍ എത്ര കേന്ദ്ര ഏജന്‍സികളെ ഇറക്കിയിട്ടും കാര്യമില്ലെന്നും ഐസക് പറഞ്ഞു.

സിപിഎം സ്ഥാനാര്‍ത്ഥിയായി പലവട്ടം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചയാളാണ് കഴിഞ്ഞ ദിവസം സിപിഎം വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്ന ജ്യോതിസ്. ഒരു തവണ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കാന്‍ പറഞ്ഞപ്പോഴാണ് അയാള്‍ മറുകണ്ടം ചാടിയത്. എന്‍ഡിഎ ജ്യോതിസിനെ വിലയ്ക്ക് വാങ്ങിയതാണ്.

സ്ഥാനാര്‍ത്ഥിത്വ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ പോസ്റ്റര്‍ പ്രതിഷേധമൊക്കെ സ്വാഭാവികമാണ്. എന്നാലും ഉന്നം വെച്ചുള്ള പരാമര്‍ശങ്ങളാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ആഴക്കടല്‍ വിവാദം ഒക്കെ അതില്‍ വന്നിട്ടുണ്ട് എങ്കിലും ആരാണ് പോസ്റ്ററിന് പിന്നിലെ രാഷ്ട്രീയ ബുദ്ധിയെന്നത് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Top