ലോകബാങ്ക് വായ്പ പാടില്ലെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന് മന്ത്രി തോമസ് ഐസക്

ആലപ്പുഴ : ലോകബാങ്ക് വായ്പ പാടില്ലെന്ന് സിപിഎം പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി തോമസ് ഐസക്. നിബന്ധനകള്‍ ഉണ്ടാകാന്‍ പാടില്ല എന്നു മാത്രമേ നിലപാടുള്ളൂ. വിദേശ ഏജന്‍സികള്‍ ഇടനിലക്കാരായി ഉണ്ടാകില്ല. ‘കില’ ആയിരിക്കും നടത്തിപ്പ് ഏജന്‍സിയെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ലോക ബാങ്ക്, കേന്ദ്ര സംഘങ്ങള്‍ ഇന്ന് കേരളത്തില്‍ എത്തും. സംസ്ഥാന സര്‍ക്കാരുമായി സംഘങ്ങള്‍ ചര്‍ച്ച നടത്തും. ഡല്‍ഹിയില്‍ നിന്നാണ് 12 അംഗ ലോകബാങ്ക് സംഘം എത്തുന്നത്. ഉദാരമായ വ്യവസ്ഥകളോടുകൂടിയ ദീര്‍ഘകാല വായ്പയാണ് ലോകബാങ്കിനോട് കേരളം അഭ്യര്‍ഥിക്കുന്നത്.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തിയാകും ലോകബാങ്ക് തീരുമാനം. കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘത്തില്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിയുമുണ്ട്. മുഖ്യമന്ത്രിയും ധനമന്ത്രിയുമടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തും.

Top