thomas isaac-niyamasabha

തിരുവനന്തപുരം: ഡിസംബറോടെ മുഴുവന്‍ ട്രഷറികളിലും കോര്‍ബാങ്കിംഗ് ഏര്‍പ്പെടുത്താമെന്നാണ് പ്രതീക്ഷയെന്നും നിലവില്‍ 163 ട്രഷറികളില്‍ കോര്‍ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതായും ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.

ലക്ഷ്യമിട്ടതിന്റെ പകുതി മാത്രമേ നികുതി പിരിവ് ഇതുവരെ സാധ്യമായിട്ടുള്ളൂ.

വരും വര്‍ഷം 19.39 ശതമാനം നികുതി വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതെങ്കിലും 15 ശതമാനത്തിനു മുകളിലേക്ക് വര്‍ദ്ധിക്കാനിടയില്ലെന്നും അദ്ദേഹംപറഞ്ഞു.

അപ്പീല്‍ പരിധിയില്‍ നാലായിരം കോടിയുടെ നികുതി കുടിശ്ശിക പിരിഞ്ഞുകിട്ടാനുണ്ട്. അപ്പീല്‍ കോടതികള്‍ കൂടുതലായി സ്ഥാപിച്ച് ഇവ പിരിച്ചെടുക്കും.

രണ്ടായിരം കോടി രൂപയുടെ നികുതി സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നു. ഇതുസംബന്ധിച്ചു ഓംബുഡ്‌സ്മാനെ നിയോഗിക്കുന്നത് പരിശോധിക്കും.

ചെക്‌പോസ്റ്റുകളില്‍ മാഫിയാ സംഘങ്ങള്‍ പെരുകുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കിയും ക്യാമറകള്‍ സ്ഥാപിച്ചും നികുതി വെട്ടിച്ചുള്ള കടത്ത് തടയും.

ചെക്‌പോസ്റ്റ് വഴിയുള്ള അഴിമതി തടയുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. 68 ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കി, എട്ടുപേര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചിട്ടുണ്ട്. ഏഴ് ചെക്‌പോസ്റ്റുകളെ ഡാറ്റാ കളക്ഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെന്ററാക്കി മാറ്റും.

ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്കായി സംസ്ഥാന ജി.എസ്.ടിയുടെയും കേന്ദ്ര ജി.എസ്.ടിയുടെയും ഭരണ നിര്‍വഹണം ഒരൊറ്റ നികുതി അധികാരി തന്നെ നടപ്പാക്കണമെന്നു സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അവശ്യവസ്തുക്കള്‍ക്ക് നികുതി കുറച്ച് ആഢംബര വസ്തുക്കള്‍ക്ക് നികുതി കൂടുതല്‍ ചുമത്തണമെന്നാണ് സംസ്ഥാന നിലപാട്.

സേവനമേഖലയില്‍ പുതിയതായി സംസ്ഥാനത്തിനു നികുതി ചുമത്തേണ്ടി വരികയാണെങ്കില്‍ സംസ്ഥാന വാണിജ്യ നികുതി വകുപ്പിന്റെ പുന: സംഘടന വേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

Top