ജിഎസ്ടിയുടെ വരവ് കേരളത്തിനു ഗുണകരമാണെന്ന് ധനമന്ത്രി തോമസ് ഐസക്

thomas-isaac

കൊച്ചി: ജിഎസ്ടിയുടെ വരവ് കേരളത്തിനു ഗുണകരമാണെന്ന് ധനമന്ത്രി തോമസ് ഐസക്.

ജിഎസ്ടി നടപ്പാക്കുന്നതോടെ കേരളത്തിന്റെ നികുതി വരുമാനത്തില്‍ പ്രതിവര്‍ഷം 20 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകുമെന്നും ഈ വളര്‍ച്ച നാല് വര്‍ഷമെങ്കിലും തുടര്‍ന്നാല്‍ കേരളത്തിന്റെ സാമ്പത്തിക കമ്മി മറികടക്കാനാകുമെന്നും ഐസക് പറഞ്ഞു.

ജിഎസ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരക്കുകള്ളക്കടത്തിന് അവസാനം കാണാനും ജിഎസ്ടി സഹായകമാകുമെന്ന് ഐസക് വ്യക്തമാക്കി. വാറ്റ് നടപ്പിലാക്കിയെങ്കിലും നികുതിയ്ക്ക് മേല്‍ നികുതി എന്ന അവസ്ഥ മാറിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നികുതി കുറയുന്നതുകൊണ്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുമാന നഷ്ടം സംഭവിക്കുകയില്ലെന്നും ഐസക്ക് പറഞ്ഞു

കേരളത്തില്‍ ഏറ്റവും അധികം ആവശ്യവസ്തുക്കളില്‍ 85 ശതമാനത്തോളം സാധനങ്ങള്‍ക്കും ജിഎസ്ടിയില്‍ നികുതി കുറവാണെന്നും ഐസക് പറയുന്നു. പക്ഷേ ഇതുകൊണ്ട് സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുറത്തൊരു നഗരത്തില്‍ വച്ച് സാധനം വാങ്ങിയാലും ബില്ലില്‍ കൊടുക്കുന്ന മേല്‍വിലാസം കേരളത്തിലേതാണെങ്കില്‍ ജിഎസ്ടി സംസ്ഥാനത്തിന് നികുതി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top