thomas isaac face book post

തിരുവന്തപുരം : കാലിയായ ഖജനാവ് വെല്ലുവിളിയാണെന്ന് പറഞ്ഞ ധനമന്ത്രി തോമസ് ഐസക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന് വീണ്ടും ചൂണ്ടിക്കാട്ടി രംഗത്ത്. ഫെയ്‌സ്ബുക്കിലൂടെയാണ് തോമസ് ഐസക് ധനകാര്യ വകുപ്പിന്റെ മുഖ്യജോലി വ്യക്തമാക്കിയിരിക്കുന്നത്.

ഫിനാന്‍സ്, എക്‌സ്‌പെന്‍ഡിച്ചര്‍, നികുതി സെക്രട്ടറിമാര്‍, നികുതി കമ്മീഷണര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷം ധനസ്ഥിതി എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു താനെന്ന് തോമസ് ഐസക് പോസ്റ്റില്‍ പറയുന്നു.

ട്രഷറിയില്‍ 700 കോടി രൂപ ബാലന്‍സുണ്ട്. ഇതാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വമ്പ് പറയുന്നത്. പക്ഷേ അദ്ദേഹം പറയാതെ വിടുന്നത് 2800 കോടി രൂപ ഇതിനകം വായ്പയെടുത്തു കഴിഞ്ഞൂവെന്ന വസ്തുതയാണ്. തീര്‍ന്നില്ല, അടിയന്തിരമായി കൊടുക്കേണ്ടുന്ന ബാധ്യതകള്‍ എടുത്താല്‍ അത് 5784 കോടി രൂപ വരും. ഇലക്‌ട്രോണിക് ലഡ്ജറിലേയ്ക്ക് മാറ്റിവച്ച ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നല്‍കാനുള്ള പണവും പെന്‍ഷന്‍ കുടിശികയും ട്രഷറിയിലെ മാറ്റിവച്ചിരിക്കുന്ന ബില്ലുകളും കോണ്‍ട്രാക്ടര്‍മാരുടെ ബാധ്യതകളും താല്‍ക്കാലിക വായ്പകളും ഇതില്‍പ്പെടും. പെന്‍ഷന്‍ കുടിശിക മാത്രം 806 കോടി രൂപയാണ്. അത് അടിയന്തിരമായി നല്‍കാനാണ് കാബിനറ്റ് തീരുമാനിച്ചിരിക്കുന്നത്. ഇതുമാത്രം ചെയ്താല്‍ മതി ഖജനാവ് കാലിയാകുവാന്‍ എന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

ഇപ്പോഴത്തെ സ്ഥിതി 19901993 കാലത്തെ ധനപ്രതിസന്ധിയുടെ കാലത്തെപ്പോലെയാണ്. നടപ്പുവര്‍ഷം തന്റെ മുഖ്യപണി വരവും ചെലവും ഒപ്പിച്ച് ട്രഷറി അടച്ചുപൂട്ടുന്ന സ്ഥിതി ഒഴിവാക്കലായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സാമ്പത്തികസ്ഥിതിയെക്കുറിച്ച് ധവളപത്രമിറക്കുമെന്ന് നേരത്തെ തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

Top