കൈത്താങ്ങായി മാറേണ്ട കേന്ദ്രം സംസ്ഥാനത്തിന് കൂച്ചുവിലങ്ങിട്ട് വിഷമിപ്പിക്കുകയാണെന്ന് ധനമന്ത്രി

തിരുവനന്തപുരം : പ്രളയകാലത്ത് കൈത്താങ്ങായി മാറേണ്ട കേന്ദ്രം സംസ്ഥാനത്തിന് കൂച്ചുവിലങ്ങിട്ട് വിഷമിപ്പിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. കൂടുതല്‍ വായ്പയെടുക്കാന്‍ അനുമതി നല്‍കാതെയും നികുതിവിഹിതം കുറച്ചും കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുകയാണെന്നും തോമസ് ഐസക് വിമര്‍ശിച്ചു.

പുനര്‍നിര്‍മാണത്തിന് എടുക്കേണ്ട വായ്പയായ 30000 കോടിയില്‍ 7000 കോടി നല്‍കാമെന്ന് വിവിധ ഏജന്‍സികള്‍ ഉറപ്പ് നല്‍കിക്കഴിഞ്ഞു. എന്നാല്‍ കേരളത്തിന്റെ വായ്പാപരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇത് മറ്റ് ചെലവുകള്‍ക്കായി സംസ്ഥാനം എടുക്കാനുദ്ദേശിക്കുന്ന വായ്പയില്‍ കുറവുവരുത്തും. ഇതിന് പുറമെയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിന് തുല്യമായ നികുതി വിഹിതം പ്രതിരോധമേഖലയ്ക്ക് നീക്കിവയ്ക്കാനുള്ള നീക്കം. പ്രതിരോധത്തിന് നീക്കിവച്ചശേഷം മാത്രം സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം നിശ്ചയിക്കും. ഇത് സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങള്‍ക്കുമേല്‍ കുതിരകയറി തിരഞ്ഞെടുപ്പില്‍ ജയിച്ചതിന്റെ ശൗര്യം ബിജെപി കാണിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

Top