കേരളത്തില്‍ ലോക് ഡൗണില്‍ ഇളവുണ്ടാകും: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: രണ്ടാഴ്ച കൂടി നീട്ടിയെങ്കിലും കേരളത്തില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. കര്‍ശന ഉപാധികളോടെയാണ് ഇളവുകള്‍ അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് രോഗം പൂര്‍ണമായി മാറുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ലോക്ക്ഡൗണില്‍ സംസ്ഥാനത്തിന് 50,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാകുക. ഈ മാസം മാത്രം 15,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

ധനസഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ മന്ത്രി കുറ്റപ്പെടുത്തി. വാചകമടി കൊണ്ടു കാര്യമില്ലെന്നും തരാനുള്ള പണം പോലും കേന്ദ്രസര്‍ക്കാര്‍ തരുന്നില്ലെന്നും തോമസ് ഐസക് വിമര്‍ശിച്ചു.

വലിയ പലിശയ്ക്ക് വായ്പ വാങ്ങിയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നത്. 4.4 ശതമാനം ആയി റിപ്പോ റേറ്റ് കുറച്ചിട്ടും ഒമ്പത് ശതമാനം പലിശയാണ് കേരളം നല്‍കേണ്ടി വരുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് വായ്പ എടുത്ത് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും ധനമന്ത്രി പറഞ്ഞു.

Top