തോമസ് കുക്ക് പാപ്പരായി; 16 രാജ്യങ്ങളിലായി 20,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി

ലണ്ടന്‍: 178 വര്‍ഷം പഴക്കമുള്ള ട്രാവല്‍ ഏജന്‍സിയായ തോമസ് കുക്ക് കമ്പനി അടച്ചു പൂട്ടി. 25 കോടി ഡോളര്‍ (ഏകദേശം 18,000 കോടി രൂപ) ബാധ്യത തീര്‍ക്കാന്‍ സാധിക്കാത്തതാണ് കമ്പനി അടച്ചു പൂട്ടാനുള്ള കാരണം. ഇതോടെ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു. കമ്പനി പൂട്ടിയതോടെ 16 രാജ്യങ്ങളിലായി 20,000 ജീവനക്കാരാണ് തൊഴില്‍രഹിതരായത്. ഇവരില്‍ 9000 ഓളം പേര്‍ ബ്രിട്ടനിലാണ്.

സാമ്പത്തിക ബാധ്യത തീര്‍ക്കാനായി റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്‍ഡുമായും ലോയിഡ്‌സ് ബാങ്കുമായും കമ്പനി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ബാങ്കുകള്‍ ബാധ്യത ഏറ്റെടുക്കാന്‍ തയാറായില്ല. ഇതോടെയാണ് കമ്പനി അടച്ചു പൂട്ടേണ്ടി വന്നത്. തോമസ് കുക്കിന്റെ നൂറിലേറെ വിമാനങ്ങളും തിരിച്ചിറക്കി.

അതേസമയം കമ്പനി പൂട്ടിയതിനെത്തുടര്‍ന്ന് ഒന്നരലക്ഷം ബ്രിട്ടീഷ് യാത്രക്കാര്‍ പെരുവഴിയിലായതായാണു റിപ്പോര്‍ട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കമ്പനിയുടെ ഒന്നരലക്ഷത്തോളം വിനോദസഞ്ചാരികളെ ബ്രിട്ടീഷ് സര്‍ക്കാര്‍ തിരികെ അതാതു സ്ഥലങ്ങളില്‍ എത്തിക്കുമെന്നാണു വിവരം.

തോമസ് കുക്കുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മണി എക്‌സേഞ്ചുകള്‍, വിമാന സര്‍വീസുകള്‍, ഫെറി സര്‍വീസുകള്‍ എന്നിവയെയും കമ്പനിയുടെ അടച്ചുപൂട്ടല്‍ ബാധിക്കും. അതേസമയം, തോമസ് കുക്ക് ഇന്ത്യ വേറെ കമ്പനി ആയതിനാല്‍ പ്രതിസന്ധി ബാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 1841-ല്‍ ആരംഭിച്ച കമ്പനി പിന്നീട് 16 രാജ്യങ്ങളിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു.

Top