thomas chandy new ncp minister

തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് എ.കെ.ശശീന്ദ്രന്‍ രാജിവച്ച ഒഴിവില്‍ താമസ് ചാണ്ടി എന്‍.സി.പിയുടെ മന്ത്രിയാകും. എന്‍.സി. പിയുടെ മന്ത്രിയെ തീരുമാനിക്കാന്‍ കൂടിയ അടിന്തര എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.

ശനിയാഴ്ച വൈകിട്ട് നാലിന് തോമസ് ചാണ്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

എകെ ശശീന്ദ്രന്‍ തിരിച്ചെത്തുമോ എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ജുഡീഷ്യല്‍ അന്വേഷണം നടത്തി, കുറ്റവിമുക്തമായ ശേഷം ശശീന്ദ്രന്‍ തിരിച്ചെത്തട്ടെ എന്നാണ് പൊതുവേ ഉയര്‍ന്ന അഭിപ്രായം.

എന്‍സിപി കേന്ദ്രനേതൃത്വവും സംസ്ഥാനനേതൃത്വവും ഈ തീരുമാനമാണ് മുന്നോട്ടുവെച്ചത്. ഇത് എല്‍ഡിഎഫ് അംഗീകരിക്കുകയായിരുന്നു. നിലവില്‍ കുട്ടനാട് എംഎല്‍എയാണ് തോമസ് ചാണ്ടി.

സ്വകാര്യ ചാനല്‍ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് എകെ ശശീന്ദ്രന്‍ രാജിവെച്ചത്. എന്നാല്‍ മന്ത്രിയെ കുടുക്കുകയായിരുന്നുവെന്ന് ചാനല്‍ തന്നെ ഇന്നലെ സമ്മതിക്കുകയുണ്ടായി. ഇതോടെ ശശീന്ദ്രനെ തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍ തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്ന മുന്‍തീരുമാനത്തില്‍ എന്‍സിപി ഉറച്ചുനില്‍ക്കുകയായിരുന്നു.

Top