എല്‍.ഡി.എഫിന്റെ പിന്തുണയോടെ തോമസ് ചാണ്ടി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം : കായല്‍ കൈയേറ്റത്തിന് ഒത്താശ ചെയ്യുന്ന എല്‍.ഡി.എഫിന്റെ പിന്തുണയോടെ മന്ത്രി തോമസ് ചാണ്ടി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്‍.

മന്ത്രിയുടെ കൈയേറ്റം പൂര്‍ണമായി തെളിയുകയും അത് ചൂണ്ടിക്കാട്ടി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടും കൈയേറ്റം തെളിയിച്ചാല്‍ എം.എല്‍.എ സ്ഥാനം രാജിവയ്ക്കാമെന്നാണ് മന്ത്രി വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നത്.

ആദ്യം എതിര്‍ക്കുകയും പിന്നീട് മുഖ്യമന്ത്രിയുടെ വിരട്ടലില്‍ നിലപാട് മാറ്റുകയും ചെയ്ത സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ മുന്നില്‍വച്ചാണ് മന്ത്രി തോമസ് ചാണ്ടി പരസ്യമായ വെല്ലുവിളി നടത്തിയത്. ഭൂമി കൈയേറ്റം സബന്ധിച്ച് എനിക്കെതിരേ ഒരു ചെറുവിരലനക്കാന്‍ പോലും അന്വേഷണ സംഘത്തിനു കഴിയില്ലെന്നും ഇനിയും നികത്തുമെന്നുമാണ് തോമസ് ചാണ്ടി പരസ്യമായി പ്രഖ്യാപിച്ചത്. ഇതാകട്ടെ റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയുടെ നേതാവിരുന്ന വേദിയില്‍ വച്ചും.

സര്‍ക്കാര്‍ തലത്തില്‍തന്നെ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ വെല്ലുവിളിയെന്നും മുരളീധരന്‍ ആരോപിച്ചു.

ഇത് എല്‍.ഡി.എഫിന് വോട്ട് ചെയ്ത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അഴിമതിക്കും കൈയേറ്റക്കാര്‍ക്കും മാഫിയകള്‍ക്കുമെതിരേ എന്നു പറഞ്ഞ് അധികാരത്തിലേറിയശേഷം അവര്‍ക്കെല്ലാം വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ മാറിയിരിക്കുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Top