തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റം ; ജില്ലാ കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആലപ്പുഴ : മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ശനിയാഴ്ച രാത്രി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യനാണ് കലക്ടര്‍ ടി.വി. അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബോയ സ്ഥാപിക്കാന്‍ ആര്‍ഡിഒ നല്‍കിയ അനുമതി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

റവന്യു ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടില്‍ പാര്‍ക്കിങ്ങിനായി സ്ഥലം ഒരുക്കിയത് നിലം നികത്തിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ റിസോര്‍ട്ട് അധികൃതര്‍ തന്നെ കയ്യേറ്റ വിവരം സമ്മതിച്ചിട്ടുണ്ട്. 50 സെന്റിനടുത്ത് നികത്തിയെന്നായിരുന്നു പ്രാഥമിക വിവരം. എന്നാല്‍ മന്ത്രിയുടെ പേരിലുള്ള ഭൂമിയിലല്ല സഹോദരിയുടെ പേരിലുള്ള ഭൂമിയിലാണ് നികത്തല്‍ നടന്നിട്ടുള്ളത്.

നിലം നികത്തിയ വസ്തുവിന്റെ ഉടമക്കെതിരെ നടപടിയെടുക്കണമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് റവന്യു വകുപ്പാണ്. ‘കുറ്റകരമായ റവന്യു ലംഘനമാണ് ലേക്പാലസില്‍ നടന്നത്. മാര്‍ത്താണ്ഡം കായല്‍ വിഷയത്തിലും നടപടിയുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മണ്ണിട്ട് നികത്തിയ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉണ്ട്.

എന്നാല്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എല്‍.ഡി.എഫ് ജാഥയുമായി ബന്ധപ്പെട്ട് കാസര്‍കോടാണ്. അതിനാല്‍ മന്ത്രി റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നാണ് പ്രതികരിച്ചത്. റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു.

Top