ജോസ് വിഭാഗം കൊടുത്ത പണിയിൽ ജോസഫിന്റെ തട്ടകവും തെറിച്ചു !

തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. എല്‍ഡിഎഫിലെ സിനോജ് ജോസ് എരിച്ചിരിക്കാട്ടാണ് വോട്ടെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഒരു മാസം മുന്‍പ് സിപിഐ സ്വതന്ത്രന്‍ സതീഷ് കേശവന്‍ യുഡിഎഫ് പക്ഷത്തേക്ക് കാലുമാറി പിന്തുണ പിന്‍വലിച്ചതോടെ എല്‍ഡിഎഫിന് ഭരണം നഷ്ടമായി സിനോജ് ജോസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം പ്രതിനിധിയും തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റുമായ ജിമ്മി മറ്റത്തിപ്പാറ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്ന സമയത്ത് ഹാജരായിരുന്നില്ല തുടര്‍ന്നായിരുന്നു വോട്ടെടുപ്പ്. ഇതോടെ 13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് അംഗബലം ആറു വീതമായി. തുടര്‍ന്ന് നറുക്കെടുപ്പിലൂടെ സിനോജ് വിജയിക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ്‌ജോസ്, ജോസഫ് വിഭാഗം തമ്മിലുള്ള പോരിനെ തുടര്‍ന്നാണു ജിമ്മി മറ്റത്തിപ്പാറ ഹാജരാകാത്തതെന്നാണ് സൂചന. ഇനി ബ്ലോക്ക് പഞ്ചായത്ത് കാലാവധി തീരുന്നതുവരെ യുഡിഎഫിന് അവിശ്വാസം കൊണ്ടുവരാനാകില്ല.

Top