ഇടതുപക്ഷ ഭരണകൂടത്തിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല,വലിയ തെറ്റാണിത്

ടതുപക്ഷ സര്‍ക്കാറിന്റെ അടിവേര് തകര്‍ക്കാനുള്ള ശക്തി, പാലത്തായി കേസിനുണ്ടെന്ന കാര്യം സി.പി.എം നേതാക്കള്‍ മറന്നു പോകരുത്.പിണറായി സര്‍ക്കാറിന് തുടര്‍ഭരണം ആഗ്രഹിക്കാത്ത കാക്കിയുടെ കുഴപ്പങ്ങള്‍ക്കാണ് നിങ്ങള്‍ കുടപിടിക്കുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഏര്‍പ്പാടാണിത്.അതാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിലൂടെ വെളിവായിരിക്കുന്നത്.

പീഡനത്തിനിരയായ ബാലികയ്ക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം, നിയമപ്രകാരം നിയോഗിക്കപ്പെട്ട കൗണ്‍സിലേര്‍സ് റിപ്പോര്‍ട്ട് നല്‍കിയതായും, ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

പാലത്തായി പീഡനക്കേസില്‍, പ്രതിക്കെതിരായ പോക്സോ കേസ് ഒഴിവാക്കിയതിനാണ് ഈ ന്യായീകരണം. പോക്സോ കേസ് ഒഴിവാക്കിയത് സ്വമേധയാ അല്ലെന്നും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ, നിയമമോപദേശ പ്രകാരമാണെന്നുമാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേ സമയം പെണ്‍കുട്ടി ശാരീരികമായി പീഢിപ്പിക്കപ്പെട്ടു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടോ, പെണ്‍കുട്ടിക്കനുകൂലമായി സഹപാഠികള്‍ നല്‍കിയ മൊഴികളോ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍, സ്ഥലമോ സമയമോ പറയുന്നതില്‍ കൃത്യതയില്ലെങ്കില്‍ പോലും, കുട്ടികളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന നിരവധി കോടതി വിധികളുള്ള ഒരു നാട്ടിലാണ്, അക്കാരണം പറഞ്ഞ് പോക്സാ ചാര്‍ജ് പോലും ചുമത്താതെ, പ്രതിയെ ഇപ്പോൾ ക്രൈംബ്രാഞ്ച് സഹായിച്ചിരിക്കുന്നത്. പൊലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീഴ്ച കൂടിയാണിത്. ‘ഇനിയും ശിവശങ്കരന്‍മാര്‍’ ആ ഓഫീസിലുണ്ടോ എന്ന സംശയമാണ് ഇതിലൂടെ ഉയരുന്നത്.

ഒരു ബാലികയെ മന: പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്താണ് പോക്സോ കോടതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഏത് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാണോ ഇരയുടെ കുടുംബം പറഞ്ഞിരിക്കുന്നത്, ആ ഉദ്യോഗസ്ഥന്റെ മേല്‍ നോട്ടത്തില്‍ തന്നെയാണ് ഇപ്പോള്‍ കുറ്റപത്രവും സമര്‍പ്പിച്ചിരിക്കുന്നത്. ഇതൊരുതരം വാശിയാണ്. ഡി.ജി.പിയുടെ ഈ വാശിക്ക് പിന്തുണ നല്‍കേണ്ട ആവശ്യം പിണറായി സര്‍ക്കാറിനില്ല. സംഭവം നടന്ന കണ്ണൂരില്‍ ക്രൈംബ്രാഞ്ച് യൂണിറ്റും, ഐ.ജിയും ഉണ്ടായിട്ടും അവിടെ ഏല്‍പ്പിക്കാതെ, എന്തിനാണ് ഈ കേസ് തിരുവനന്തപുരത്തേക്ക് മാറ്റിയത് ? എറണാകുളത്തും ക്രൈംബ്രാഞ്ചിന് ഒരു ഐ.ജി ഉണ്ടെന്ന കാര്യം നാം മറന്നു പോകരുത്.

ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പോലും ബോധ്യപ്പെടാത്ത മാറ്റമാണിത്. യുണൈറ്റഡ് നഴ്സിംങ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരായ കേസും ഇതുപോലെ, നടപടി ക്രമങ്ങള്‍ ലംഘിച്ചാണ് തിരുവനന്തപുരത്തേക്ക് കൈമാറിയിരിക്കുന്നത്. തൃശൂരില്‍ അന്വേഷിക്കേണ്ട കേസായിരുന്നു ഇതെന്നതും, നാം ഓര്‍ക്കണം. സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ചില്‍, ഒരു പ്രത്യേക ഉദ്യോഗസ്ഥനെ മാത്രം കേസേല്‍പ്പിക്കുന്നത് എന്തുകൊണ്ടാണ് ? അതു കൊണ്ട് എന്ത് നേട്ടമാണ് ഡി.ജി.പിക്ക് ഉണ്ടായിരിക്കുന്നത് ? ഈ ചോദ്യത്തിന് സംസ്ഥാന പൊലീസ് മേധാവി തന്നെ മറുപടി പറയണം. മുഖ്യമന്ത്രിയുടെ ഓഫീസും മറുപടി പറയേണ്ടതുണ്ട്. ഇത് വ്യക്തിപരമായ കാര്യമല്ല. വ്യക്തിപരമായി ആരെയും ടാര്‍ഗറ്റ് ചെയ്യാനും ഉദ്ദേശിക്കുന്നില്ല. എന്നാല്‍ പറയാതിരിക്കാനും കഴിയില്ല. ക്രൈംബ്രാഞ്ചില്‍ എന്തൊക്കെയാണ് നടക്കുന്നതെന്നത്, പൊതു സമൂഹം അറിയുക തന്നെ വേണം.

അപരാധികള്‍ രക്ഷപ്പെടുകയും നിരപരാധികള്‍ വേട്ടയാടപ്പെടുന്നതും ഒരിക്കലും അംഗീകരിക്കാന്‍ കഴിയുകയില്ല. പാലത്തായി കേസില്‍, അന്വേഷണ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന് എതിരെ ആക്ഷേപം ഉയര്‍ന്നപ്പോള്‍, രണ്ട് വനിതാ ഐ.പി.എസുകാരെ കൂടി, ഉള്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. സീനിയറെ കണ്ടാല്‍ സല്യൂട്ടടിച്ച് നില്‍ക്കുകയല്ലാതെ, തിരുത്തിക്കുവാന്‍ ഈ ഐ.പി.എസുകാരികള്‍ക്ക് ഒരിക്കലും കഴിയുകയില്ല.

ഇതു പോലും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് അറിയുകയില്ലേ? ഇതിന്റെയെല്ലാം പരിണിത ഫലമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.മലയാളിയുടെ മനസാക്ഷിയെ ചുട്ടുപൊള്ളിക്കുന്നതാണിത്. ഈ ഒറ്റ ‘തീ’ മതി തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കാന്‍.

എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും, ഒരു ചെറിയ പിഴവ് മതിയാകും ജനവികാരം എതിരാക്കാന്‍. ലോകസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 20-ല്‍ 19 സീറ്റും വാങ്ങിയത് ന്യൂനപക്ഷ തരംഗത്താലാണ്. ആ ചരിത്രം ആവര്‍ത്തിച്ചാല്‍, വലിയ തിരിച്ചടിയാണ് നിയമസഭ തിരഞ്ഞെടുപ്പിലും, ഇടതുപക്ഷത്തിന് ലഭിക്കുക. മനുഷ്യത്വപരമായ നിലപാടാണ് നാട് കമ്യൂണിസ്റ്റുകളുടെ സര്‍ക്കാറില്‍ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാല്‍ പാലത്തായി കേസില്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അതുണ്ടായിട്ടില്ല.

Top