ഉള്ളിവില റോക്കറ്റ് പോലെ കുതിച്ചാലും ബിഹാറിലെ ഈ ഗ്രാമത്തിന് നോ ടെന്‍ഷന്‍; കാരണം ഇത്

big onion

രാജ്യത്ത് ഉള്ളി വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. റീട്ടെയില്‍ വിപണിയില്‍ 100 രൂപ വരെയാണ് പല സംസ്ഥാനങ്ങളിലും വില. ബിഹാറില്‍ ഉള്ളിവില 80 രൂപ വരെയായി എത്തിനില്‍ക്കുകയാണ്. വില വര്‍ദ്ധനവില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ബിഹാര്‍ സ്റ്റേറ്റ് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ കിലോയ്ക്ക് 35 രൂപയ്ക്ക് ഉള്ളി എത്തിക്കുന്നുണ്ട്. ബിഹാര്‍ തലസ്ഥാനമായ പട്‌നയിലെ ഭൂരിപക്ഷ പ്രദേശങ്ങളിലും അസോസിയേഷന്‍ എത്തുന്നുണ്ട്.

രാജ്യം മുഴുവന്‍ ഈ വില വര്‍ദ്ധനവില്‍ ആശങ്കയും ആകാംക്ഷയും രേഖപ്പെടുത്തുകയും കേന്ദ്രം മുതല്‍ സംസ്ഥാനം വരെയുള്ള സര്‍ക്കാരുകള്‍ ഇളകുകയും ചെയ്യുന്ന അവസ്ഥയിലും ബിഹാറിലെ ഒരു ഗ്രാമത്തില്‍ മാത്രം ഇതൊന്നും ഒരു പ്രശ്‌നമേയല്ല. ഉള്ളി വില 500 രൂപയില്‍ തൊട്ടാലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നാണ് ജെഹനാബാദ് ജില്ലയിലെ ത്രിലോകി ബിഗാ ഗ്രാമവാസികളുടെ നിലപാട്.

പട്‌നയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തില്‍ ഏകദേശം 400 പേരാണ് താമസക്കാര്‍. രാജ്യത്ത് ഉള്ളി വില ഏത് ഉയരം കീഴടക്കിയാലും ത്രിലോകി ഗ്രാമത്തില്‍ ഇത് ഏശാത്തതിന് പിന്നിലെ രഹസ്യം എന്തെന്നല്ലേ, ഗ്രാമത്തിലുള്ള ഒരാള്‍ പോലും ഉള്ളി കഴിക്കാറില്ലെന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. ശുദ്ധ വെജിറ്റേറിയന്‍ മാത്രം കഴിക്കുന്ന ഈ ഗ്രാമീണര്‍ ഉള്ളിയും, വെളുത്തുള്ളിയും ഉപയോഗിക്കാറുമില്ല. ഗ്രാമത്തില്‍ ഒരാളും മദ്യപിക്കുകയുമില്ല.

നൂറ്റാണ്ടുകളായി ഈ ഗ്രാമത്തില്‍ ഉള്ളി വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാറില്ലെന്ന് മുതിര്‍ന്നവര്‍ പറയുന്നു. ഗ്രാമത്തില്‍ വിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ഇവിടുത്തുകാര്‍ ഉള്ളി ഉപേക്ഷിച്ചത്. സത്യം പറഞ്ഞാല്‍ ഇവിടുത്തുകാര്‍ക്ക് ഉള്ളി വില എത്രയെന്ന് പോലും അറിയില്ലെന്നതാണ് അവസ്ഥ!

Top