ഇത്തവണയും സ്വാതന്ത്ര്യദിനത്തിന് മന്ത്രിമാർക്കും പൗരപ്രമുഖർക്കുമായി ഒരുക്കുന്ന വിരുന്ന് ഗവർണർ ഒഴിവാക്കി

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിത്തോടനുബന്ധിച്ച് മന്ത്രിമാർക്കും പൗരപ്രമുഖർക്കുമായി ഗവർണർ ഒരുക്കുന്ന വിരുന്ന് ഇക്കുറിയും ഒഴിവാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിരുന്നിനായി മാറ്റിവെച്ച തുക സംസ്ഥാനത്തെ മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകാനാണ് ഗവർണറുടെ തീരുമാനം.പ്രളയം, കൊറോണ തുടങ്ങിയവ മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പതിവ് മുടങ്ങിയിരുന്നു.

മുഖ്യമന്ത്രി, മന്ത്രിമാർ, പൗരപ്രമുഖർ തുടങ്ങിയവർക്കായി ആഗസ്റ്റ് 15ന് വൈകുന്നേരമാണ് വിരുന്ന് നൽകാറുള്ളത്. ശക്തമായ മഴ കാരണം ജനങ്ങൾക്കുണ്ടായ ദുരിതം കണക്കിലെടുത്താണ് വിരുന്ന് ഒഴിവാക്കിയതെന്ന് രാജ്ഭവൻ അറിയിച്ചു.ഈ തീരുമാനത്തിന് ഗവർണറും സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസവുമായി ബന്ധമില്ലെന്ന് രാജ്ഭവൻ വ്യക്തമാക്കി.

സമയബന്ധിതമായി ഒപ്പിടാത്തതിനാൽ ഓർഡിനൻസുകൾ റദ്ദായത് ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് നിലവിൽ ഇരു കൂട്ടരും തമ്മിലുള്ള അഭിപ്രായവ്യത്യാസം. സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹം തിരുവനന്തപുരത്തെ ആദിവാസി ഊരുകൾ സന്ദർശിക്കുമെന്നാണ് വിവരം.

Top