ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബജറ്റ് : കെ സുരേന്ദ്രൻ

തിരുവനന്തപുരം : രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്വാസമാകുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിനെ കൈപിടിച്ചുയർത്തുന്ന ബജറ്റിന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും കേന്ദ്രസർക്കാരിനെ അഭിനന്ദിക്കാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഇത്രയും കയ്യഴച്ച് സഹായിച്ച മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല.

താറുമാറായ ഗതാഗത സംവിധാനമുള്ള കേരളത്തിന് ഏറ്റവും ആവശ്യമായ റോഡ് വികസനത്തിന് 65,000 കോടി അനുവദിച്ചത് വലിയ നേട്ടമാണ്. ബജറ്റിനെ മുൻവിധിയോടെ സമീപിച്ച് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തിയതിന് സംസ്ഥാന ധനമന്ത്രി മാപ്പ് പറയണം. എട്ട് മന്ത്രിമാർ കേന്ദ്രമന്ത്രിസഭയിലുണ്ടായിരുന്ന യുപിഎ കാലഘട്ടത്തിൽ പോലും ലഭിക്കാത്ത പിന്തുണയാണ് ഇപ്പോൾ കേരളത്തിന് കേന്ദ്രസർക്കാർ നൽകുന്നത്.

കേരളത്തിന്റെ അഭിമാനസ്തംഭമായ കൊച്ചി മെട്രോയ്ക്ക് വേണ്ടി 1957 കോടി രൂപ അനുവദിച്ചതിൽ തന്നെ സംസ്ഥാനത്തെ മുഖ്യധാരയിലെത്തിക്കാനുള്ള കേന്ദ്രസർക്കാരിന്റെ താൽപര്യം പ്രകടമാണ്.മോദിയുടെ സൗജന്യ വൈദ്യുതീകരണ പദ്ധതി പിണറായി വിജയൻ സർക്കാരിന്റെ നേട്ടമായാണ് സംസ്ഥാന സർക്കാർ പറയുന്നത്. ആലപ്പുഴ ബൈപ്പാസിന്റെ പകുതി പണവും കേന്ദ്രം നൽകിയതാണെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ വലിയ സംഭവമായി കൊട്ടിഘോഷിക്കുകയാണ് പിണറായി വിജയനും സംഘവും.

ഇപ്പോൾ കൊച്ചി മെട്രോയ്ക്ക് കേന്ദ്രസർക്കാർ ബജറ്റിൽ വിലയിരുത്തിയ പണവും സംസ്ഥാനത്തിന്റെതാണെന്ന് പറയാൻ ഇവർക്ക് ഒരു മടിയും കാണില്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു. കേന്ദ്ര പദ്ധതികൾ തങ്ങളുടേതാക്കി അവതരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top