അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ നിശിത വിമര്‍ശനവുമായി -ഡബ്ലിയു സി സി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണവേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ നിശിത വിമര്‍ശനവുമായി ഡബ്ലിയു സി സി. അലന്‍സിയര്‍ നടത്തിയ മറുപടി പ്രസംഗത്തിലെ ഭാഗങ്ങള്‍ അങ്ങേയറ്റം നിന്ദ്യവും സ്ത്രീവിരുദ്ധവും അപലപനീയവുമായിരുന്നെന്ന് അവര്‍ എഴുതി. മാധ്യമങ്ങളും നിരീക്ഷകരുമുള്‍പ്പെടെ പലരും ഇതിനൊരു തിരുത്തല്‍ ആവ്യശ്യപ്പെട്ടിട്ടും, താനൊരു തെറ്റും ചെയ്തിട്ടില്ലെന്നുള്ള അലന്‍സിയറുടെ നിലപാടിനെ തങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും സ്ത്രീവിരുദ്ധതയെയും ആഘോഷിക്കുന്ന പ്രവണതയെ ചലച്ചിത്ര മേഖല പ്രോത്സാഹിപ്പിക്കരുതെന്നുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തെ പാടെ അട്ടിമറിക്കുന്നതായിരുന്നു അലന്‍സിയറുടെ വാക്കുകളെന്ന് ഡബ്ലിയു സി സി പറഞ്ഞു. പൊതുസമൂഹത്തിനൊന്നടങ്കം മാതൃകയാകേണ്ട ഒരു സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവില്‍ നിന്ന് സ്ത്രീസമൂഹത്തെയും കലാപ്രവര്‍ത്തകരെയും അടച്ചധിക്ഷേപിക്കുന്ന ഇത്തരം പ്രസ്താവനകളുണ്ടാവുക എന്നത്, ഇക്കാലമത്രയും സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കായും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായും മുന്നിട്ടിറങ്ങിയ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവഴികള്‍ക്ക് തുരങ്കം വയ്ക്കുന്നതിന് തുല്യമാണ്.

ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ വിമര്‍ശനം ശക്തമാകുകയാണ്. സിനിമയില്‍ നിന്നുള്‍പ്പടെയുള്ളവര്‍ വിമര്‍ശനവുമായി എത്തുന്നുണ്ട്. പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാരത്തെ തള്ളിപ്പറയുന്ന പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്.

 

Top