പുണ്യാളന്‍ അഗര്‍ബത്തീസല്ല, പുണ്യാളന്‍ മദ്യം; നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് ആനപ്പിണ്ടം

ന്താ രുചി, എന്താ മണം… പരസ്യവാചകങ്ങളിലെ പതിവ് വാക്കുകള്‍ പോലെയാണ് ഇന്‍ഡ്‌ലോവു ജിന്‍ കുടിച്ചവരുടെ വാക്കുകള്‍. അത്രയും രസകരമാണ് ഈ ജിന്നിന്റെ സ്വാദെന്ന് ഇത് കുടിച്ചവര്‍ പറയുന്നു. എന്നാല്‍ ഈ മദ്യം എവിടെ നിന്നാണ് ഉത്പാദിപ്പിക്കുന്നതെന്ന് കേട്ടാല്‍ ആദ്യം പറഞ്ഞ വാക്കുകള്‍ പിന്‍വലിക്കാന്‍ തോന്നിപ്പോകും.

സൗത്ത് ആഫ്രിക്കയില്‍ നിര്‍മ്മിക്കപ്പെടുന്ന ഈ ജിന്‍ തയ്യാറാക്കാന്‍ ഇതിന്റെ നിര്‍മ്മാതാക്കള്‍ പ്രധാനമായും ഉപയോഗിക്കുന്നത് ആനപ്പിണ്ടമാണ്. ആനകള്‍ പഴങ്ങളും, പച്ചക്കറികളും, പൂക്കളുമെല്ലാം ഭക്ഷിക്കുമെങ്കിലും ഇതില്‍ മൂന്നിലൊന്ന് മാത്രമാണ് വയറില്‍ ദഹിക്കുക. ഇത് ശ്രദ്ധിച്ചതാണ് ലെസ്, പൗളാ ആന്‍സ്ലിമാരുടെ ജീവിതത്തില്‍ വഴിത്തിരിവായത്.

പൂര്‍ണ്ണമായും ദഹിക്കാതെ വരുന്നതിനാല്‍ ആനപ്പിണ്ടത്തില്‍ നിന്നും സുപ്രധാനമായ സസ്യസമ്പത്ത് ലഭിക്കുമെന്ന് ഇവര്‍ തിരിച്ചറിഞ്ഞു. ആന പണിയെടുത്ത് ഇഷ്ടമുള്ളതെല്ലാം ഭക്ഷിച്ച് കഴിഞ്ഞ് ബാക്കിവരുന്ന പിണ്ടത്തില്‍ നിന്നും ജിന്‍ ഉത്പാദിപ്പിച്ചാല്‍ എന്താണ് കുഴപ്പം എന്നായിരുന്നു പൗളയുടെ ചിന്ത. ഈ ഐഡിയ ഭര്‍ത്താവ് ലെസിനോടും ഇവര്‍ പങ്കുവെച്ചു.

ഈ ഐഡിയയെ പിന്തുടര്‍ന്ന് ശാസ്ത്രജ്ഞരായ ദമ്പതികള്‍ ജിന്‍ ഉത്പാദിപ്പിക്കാന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചു. സംഗതി വിജയമായതോടെ പിണ്ടം സ്വയം ശേഖരിച്ച് പരിപാടി ഗംഭീരമാക്കി. പിണ്ടം കഴുകി വൃത്തിയാക്കിയ ശേഷമാണ് ജിന്‍ ഉത്പാദനം. അഞ്ച് വലിയ ബാഗില്‍ നിന്ന് 4000 കുപ്പി വരെ ഉത്പാദിപ്പിക്കുന്നുണ്ട്. 32 പൗണ്ടിന് വില്‍ക്കുന്ന ജിന്‍ പ്രധാനമായും ടൂറിസ്റ്റുകളാണ് രുചിക്കാന്‍ എത്തുന്നത്.

Top