വേറാര്‍ക്കും ഈ ഗതി വരരുത്’; വിങ്ങിപ്പൊട്ടി ഷാനിന്റെ പിതാവ്

‘ആലപ്പുഴ: എല്ലാവരോടും നല്ല രീതിയില്‍ പെരുമാറിയ പൊതുപ്രവര്‍ത്തകനെയാണ് ഷാനിന്റെ കൊലപാതകത്തോടെ ആലപ്പുഴ പൊന്നാട് പ്രദേശത്തിന് നഷ്ടമായത്. ഒരു ആശയത്തിന്റെ ഒപ്പം നിന്നതിനാണ് മകനെ ചോര കൊതിക്കുന്ന കാപാലികര്‍ കൊന്നതെന്ന് ഷാനിന്റെ പിതാവ് സലിം പറഞ്ഞു. ഒരു അക്രമക്കേസിലും ഷാന്‍ പ്രതി അല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഞാന്‍ ഏറെ കഷ്ടപ്പെട്ട് വളര്‍ത്തിയ എന്റെ മകനെ ചോരകുടിയന്മാരായ ബി.ജെ.പിക്കാര്‍ കൊന്നു. അതിന് പ്രതിഫലമായി ആരെയൊക്കെ കൊന്നാലും എന്റെ ചെറുമക്കള്‍ അനാഥരായത് പോലെ ഓരോ കുടുംബത്തിലെയും കുഞ്ഞുങ്ങള്‍ അനാഥരാവുകയേ ഉള്ളൂ. രണ്ട് കുഞ്ഞുങ്ങളാണ് ഇവിടെ വഴിയാധാരമായത്. രാഷ്ട്രീയം രാഷ്ട്രീയമായി കാണുന്ന മനസ്ഥിതി കേരളത്തില്‍ ഉണ്ടാവണം’ അദ്ദേഹം പറഞ്ഞു.

‘എന്റെ സുഹൃത്തുക്കളില്‍ ബി.ജെ.പിക്കാരും സി.പി.എമ്മുകാരുമെല്ലാം ഉണ്ട്. ഞങ്ങളെല്ലാം സാഹോദര്യത്തോടെയാണ് കഴിയുന്നത്. അതുപോലെ തന്നെയാണ് എന്റെ മോനും. ഈ ക്രൂരത ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമാണ്. അവനങ്ങനെ ആരെയും അക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സ്വഭാവക്കാരനല്ല. ആര്‍ക്കെങ്കിലും സഹായം ചെയ്യുകയല്ലാതെ ആരെയും ദ്രോഹിക്കുന്ന സ്വഭാവം അവനില്ല. അവന്റെ പേരില്‍ കേസുകളൊന്നുമില്ല. രാഷ്ട്രീയമായി അവന്‍ വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചു എന്നതൊഴിച്ചാല്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഇത്രയും കാലത്തിനിടക്ക് അവന്‍ ചെയ്തിട്ടില്ല. ഞാന്‍ ഏറെ കഷ്ടപ്പെട്ട് വളര്‍ത്തിയതാണ്. എനിക്ക് എന്റെ മകന്‍ നഷ്ടപ്പെട്ടു. അതിന്റെ പേരില്‍ ഇനി എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാലും അതിലെല്ലാം ഓരോ കുടുംബത്തിലെയും കുഞ്ഞുങ്ങള്‍ വഴിയാധാരമാവുകയാണ് ചെയ്യുക.

രാഷ്ട്രീയം രാഷ്ട്രീയമായി കാണുന്ന മനസ്ഥിതി കേരളത്തില്‍ ഉണ്ടാവണം. കഷ്ടപ്പെട്ട് മക്കളെ വളര്‍ത്തിയ പിതാക്കന്‍മാര്‍ക്ക് മക്കളെ നഷ്ടപ്പെടുന്നു. അവര്‍ ഏതെങ്കിലും ആശയത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ കൊലപ്പെടുത്തുക എന്നത് വേദനാജനകമായ കാര്യമാണ്. ഞാന്‍ വാര്‍ധക്യത്തിലെത്തി. ഈ മക്കളെ വളര്‍ത്താനോ സഹായിക്കാനോ പറ്റാത്ത സ്ഥിതിവിശേഷമാണ്. ഈ ക്രൂരത കാണിക്കാന്‍ അവര്‍ക്കുണ്ടായ മനസ്സ് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

രക്തം കൊതിക്കുന്ന കാപാലികര്‍ക്ക് ആരുടെയെങ്കിലും രക്തം കുടിച്ചാല്‍ മതിയല്ലോ.. മറ്റുള്ളവരുടെ വേദനയെക്കുറിച്ച് അവര്‍ക്ക് അറിയേണ്ടതില്ലല്ലോ. അങ്ങനെ ഒരു സമൂഹം ഇവിടെ വളര്‍ന്നു വരുന്നുണ്ട്.. എനിക്കെന്റെ മകന്‍ നഷ്ടമായി..’ സലീം പറഞ്ഞു.

Top