കര്‍ഷകര്‍ക്ക് ആശ്വാസം; കുരുമുളകിന് ഈ വര്‍ഷത്തെ ഏറ്റവും കൂടിയ വില

കുരുമുളകു വിലയില്‍ ദിവസേന കുതിപ്പ്. തുടര്‍ച്ചയായ കുതിപ്പില്‍ വില ഈ വര്‍ഷത്തെ ഏറ്റവും കൂടിയ നിലവാരത്തിലെത്തി. ഉത്തരേന്ത്യയില്‍ നിന്നുള്ള ഉത്സവകാല ഡിമാന്‍ഡിലുണ്ടായ വന്‍ വര്‍ധനയാണു വില വര്‍ധനയിലേക്കു നയിച്ച പ്രധാന ഘടകം. ഉത്തരേന്ത്യന്‍ വിപണികളില്‍ സുലഭമായിരിക്കുന്ന വിദേശ കുരുമുളകിന്റെ മേന്മക്കുറവും ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഉല്‍പന്നത്തിനു പ്രിയം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

വില ഇനിയും വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ ഇടുക്കി, പത്തനംതിട്ട, വയനാട് മേഖലകളിലെ ചില കര്‍ഷകരും ഇടനിലക്കാരും മടിച്ചുനില്‍ക്കുകയാണ്.
കൂര്‍ഗില്‍നിന്നുള്ള കുരുമുളകും ഗണ്യമായ തോതില്‍ വിപണിയിലെത്തുന്നില്ല.

കൊച്ചിയില്‍ ഗാര്‍ബ്ള്‍ഡ് ഇനം കുരുമുളകിന്റെ വില കഴിഞ്ഞ ആഴ്ച ആദ്യം ക്വിന്റലിനു 42,700 രൂപ മാത്രമായിരുന്നു. എന്നാല്‍ വാരാന്ത്യത്തില്‍ വില 43,000 രൂപയിലെത്തി. അണ്‍ഗാര്‍ബ്ള്‍ഡിന്റെ വില 40,700 രൂപയായിരുന്നതു 41,000 രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ വില്‍പനയ്‌ക്കെത്തിയത് 138 ടണ്‍.

 

Top