വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയ്ക്ക് നല്‍കുന്നത് ആദ്യമായല്ല; വി മുരളീധരന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല അദാനി എന്റര്‍ പ്രൈസസിന് നല്‍കിയതില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ രംഗത്ത്. വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിയ്ക്ക് നല്‍കുന്നത് ആദ്യമായിട്ടല്ല. കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും നിലപാട് അപഹാസ്യമാണ്. കള്ളക്കടത്ത് വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും മുരളീധരന്‍ പറഞ്ഞു.

വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാന്‍ തീരുമാനമെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പങ്കാളിയാക്കിയിരുന്നു. കെഎസ്ഐഡിസിയും ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. വ്യവസ്ഥകള്‍ അന്നേ കെഎസ്ഐഡിസിയും അംഗീകരിച്ചതാണ്. നിലവിലെ ഹൈക്കോടതി വിധിക്ക് അനുകൂലമാണ് കേന്ദ്രതീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഐഡിസിയുടെ തുക അദാനിയേക്കാള്‍ 19.6 ശതമാനം കുറവായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കെഐസ്ഐഡിസിയും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയിരുന്നു.

Top