‘ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ല’; ജി 20 പ്രഖ്യാപനത്തിൽ മോദിയുടെ വാക്കും ഉൾപ്പെടുത്തി

ഡൽഹി: ജി 20 പ്രഖ്യാപനത്തിൽ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉള്‍പ്പെടുത്തി. ഇത് യുദ്ധത്തിന്റെ നൂറ്റാണ്ടല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കൂടി ഉൾപ്പെടുത്തിയാണ് പ്രഖ്യാപനം അംഗീകരിച്ചിട്ടുള്ളത്. നയതന്ത്ര തലത്തിലൂടെ വേണം പ്രശ്നപരിഹാരം എന്ന ഇന്ത്യൻ നിലപാടും ജി20 പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുദ്ധം അവസാനിപ്പിച്ച് നയതന്ത്രതലത്തിൽ റഷ്യ – യുക്രൈൻ പ്രശ്നത്തിനുള്ള പരിഹാരം കണ്ടെത്തണമെന്ന നിലപാടാണ് ജി20 അധ്യക്ഷ പദവി ഏറ്റെടുക്കാനിരിക്കെ ഇന്ത്യ ആവ‍‍ർത്തിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ കണ്ട അക്കാലത്തെ നേതാക്കൾ സമാധാനത്തിനായി പ്രയത്നിച്ചു. ഇപ്പോൾ നമ്മുടെ ഊഴമാണെന്നായിരുന്നു ലോകനേതാക്കളോടുള്ള മോദിയുടെ ആഹ്വാനം. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടിൽ അടുത്ത ഉച്ചകോടി നടക്കുമ്പോൾ സമാധാനത്തിന്റെ ശക്തമായ സന്ദേശം നൽകാൻ കഴിയണമെന്നും മോദി പറഞ്ഞു. ഡിസംബ‍ർ ഒന്നുമുതലാണ് ജി20 യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് തുടങ്ങിയവരുമായി ജി20 ഉച്ചകോടിക്കിടെ മോദി ചർച്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഇന്ത്യൻ വംശജൻ ഋഷി സുനകിനേയും മോദി യോഗത്തിനിടെ കണ്ടു. ആഗോള വെല്ലുവിളി നേരിടാൻ ഐക്യരാഷ്ട്ര സഭക്ക് കഴിയുന്നില്ലെന്ന വിമ‍ർശനവും ഉച്ചകോടിയില്‍ മോദി ഉന്നയിച്ചു. ഇന്ത്യക്ക് ഗുണകരമായ ചർച്ചകൾ ജി 20 ഉച്ചകോടിയിലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലേക്ക് പുറപ്പെടും മുൻപുള്ള സന്ദേശത്തിൽ പറഞ്ഞിരുന്നു. ജി 20 രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Top