ഇത്, ഭരത് ചന്ദ്രൻ ഐ.പി.എസ്സല്ല . . . അതുക്കും മീതെയാണ് കരുത്ത് ! !

കേരളത്തിലെ ഏറ്റവും ശക്തനായ ഐ.പി.എസ് ഉദ്യാഗസ്ഥനാര് ? ഐ.പി.എസ് അസോസിയേഷന് പുതിയ ഭാരവാഹികളാകുമ്പോള്‍ സേനയില്‍ നടക്കുന്ന ചര്‍ച്ചയാണിത്. ഇക്കാര്യത്തില്‍ സാധാരണ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മുതല്‍ ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് വരെ ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ മാത്രമാണ് ഏകാഭിപ്രായമുള്ളത്. അത് എ.ഡി.ജി.പി മനോജ് എബ്രഹാമാണ്. നടപടിയുടെ കാര്യത്തില്‍ വിട്ടു വീഴ്ച ഇല്ലാത്തത് മാത്രമല്ല ഒരു പ്രശ്‌നം വന്നാല്‍ സേനാംഗങ്ങള്‍ക്കൊപ്പം അടിയുറച്ച് നില്‍ക്കുന്നതുമാണ് മനോജ് എബ്രഹാമിന്റെ പ്രീതിക്ക് പ്രധാന കാരണം.

വീഴ്ച സംഭവിച്ചാല്‍ അതിന് കീഴുദ്യോഗസ്ഥരെ ബലിയാടാക്കാതെ സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കുന്നതും മനോജ് എബ്രഹാമിന്റെ പ്രത്യേകതയാണ്. ”കമ്മീഷണര്‍ സിനിമയിലെ ഭരത് ചന്ദ്രന്‍ ഐ.പി.എസിന് സമാനമായ പ്രവര്‍ത്തനം വി.ആര്‍ രാജീവനെ പോലെ ഔദ്യോഗിക ജീവിതത്തില്‍ പ്രകടിപ്പിച്ച ഉദ്യോഗസ്ഥന്‍ ‘ കൂടിയാണ് മനോജ് എബ്രഹാം. കണ്ണൂര്‍ എസ്.പി ആയിരിക്കുമ്പോള്‍ ആക്രമണം അടിച്ചമര്‍ത്താന്‍ മനോജ് എബ്രഹാം സ്വീകരിച്ച നടപടികള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

തിരുവനന്തപുരം എം.ജി കോളേജില്‍ ആക്രമണം രൂക്ഷമാവുകയും പൊലീസുകാര്‍ ആക്രമിക്കപ്പെടുകയും ചെയ്തപ്പോള്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന മനോജ് എബ്രഹാം നേരിട്ട് എത്തിയാണ് പൊലീസ് ആക്ഷന് നേതൃത്വം നല്‍കിയിരുന്നത്. അന്ന് സംഭവസ്ഥലത്ത് കുതിച്ചെത്തിയ ഐ.ജി ടി.പി സെന്‍കുമാര്‍ അക്രമികളെ നേരിട്ട ഒരു പൊലീസുകാരന്റെ കോളറില്‍ കയറി പിടിച്ച രംഗം ഇപ്പോഴും യൂട്യൂബില്‍ സജീവമാണ്. മ്യൂസിയം സി.ഐക്ക് ഉള്‍പ്പെടെ ബോംബേറില്‍ പരിക്കേറ്റിരിക്കെ അക്രമികളുടെ കുത്തിന് പിടിക്കാതെ പൊലീസുകാരന്റെ കോളറില്‍ കയറി പിടിച്ച സെന്‍കുമാറിന്റെ നടപടി അക്കാലത്ത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

മനോജ് എബ്രഹാമാണ് കമ്മീഷണര്‍ എന്നതിനാല്‍ മാത്രമാണ് ഐ.ജി തന്നെ നേരിട്ട് സംഘര്‍ഷ സ്ഥലത്ത് കുതിച്ചെത്തി പൊലീസിനെ പിന്‍വലിപ്പിച്ചിരുന്നത്. കാക്കിയെ ‘തൊട്ടാല്‍’ അത് സ്വന്തം വേദനയായി കാണുന്ന ഐ.പി.എസുകാര്‍ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കാക്കിപ്പടയ്ക്ക് ഹീറോയാണ്. മന്ത്രിമാരായാലും രാഷ്ട്രീയ നേതൃത്വങ്ങളായാലും മേലുദ്യോഗസ്ഥരായാല്‍ പോലും ഇത്തരം ഉദ്യാഗസ്ഥരോട് ശുപാര്‍ശ പറയാനും ഒന്നു ഭയക്കും. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍മാരായ കെ.ജെ.ജോസഫ്, വി.ആര്‍ രാജീവന്‍, എം.ജി.എ രാമന്‍, എന്നിവരും മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന കര്‍ക്കശക്കാരായ ഉദ്യോഗസ്ഥരാണ്. ഈ പട്ടികയില്‍ ഇപ്പോള്‍ മുന്‍ നിരയിലുള്ളത് ഋഷിരാജ് സിങ്ങും മനോജ് എബ്രഹാമുമാണ്.

1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം നിലവില്‍ അഡ്മിനിസ്‌ട്രേഷന്‍ എ.ഡി.ജി.പിയാണ്. കേരള പൊലീസിന് കീഴിലുള്ള സൈബര്‍ഡോമിന്റെ മേല്‍നോട്ട ചുമതലയും മനോജ് എബ്രഹാമാണ് നിര്‍വ്വഹിക്കുന്നത്. ഡി.ജി.പി പദവിയിലെത്തുന്നതോടെ ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന പൊലീസ് മേധാവിയായിരിക്കാന്‍ സാധ്യതയുള്ളതും മനോജ് എബ്രഹാമിന് തന്നെയാണ്.

2030 വരെ അദ്ദേഹത്തിന് സര്‍വ്വീസുണ്ട്. ഐ.പി.എസ് അസോസിയേഷന്‍ തലപ്പത്തും ഏറെക്കാലം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഐ.പി.എസ് അസോസിയേഷന്‍ ഭാരവാഹികളും മിടുക്കരാണ്. ജനറല്‍ സെക്രട്ടറിയായ ഹര്‍ഷിത അട്ടല്ലൂരി ഇതിനകം തന്നെ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥയാണ്. എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലും കഴിവ് തെളിയിച്ച നിരവധി പേരുണ്ട്. ഐ.ജി. പി. വിജയന്‍, ഡി.ഐ.ജി പ്രകാശ് എന്നിവരാണ് ഇതില്‍ പ്രമുഖര്‍.

Top