കോഹ്ലിക്ക് ഇത് നാലാം മൂഴം; 2023ലെ മികച്ച ഏകദിന താരത്തിനുള്ള പുരസ്ക്കാരം സ്വന്തം

2023ലെ ഐസിസിയുടെ മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിക്ക്. നാലാം തവണയാണ് കോഹ്‌ലി മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിനു മുന്‍പ് 2012, 2017, 2018 വര്‍ഷങ്ങളിലാണ് കോഹ്‌ലി പുരസ്‌കാരത്തിന് അര്‍ഹനായത്.

ഇതോടെ ഏറ്റവും കൂടുതല്‍ തവണ ഐസിസിയുടെ മികച്ച ഏകദിന താരമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ താരമെന്ന നേട്ടവും മുന്‍ ഇന്ത്യന്‍ നായകനെ തേടിയെത്തി. മൂന്ന് തവണ പുരസ്‌കാരം സ്വന്തമാക്കിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സിനെയാണ് റെക്കോര്‍ഡില്‍ കോഹ്‌ലി പിന്തള്ളിയത്.

മോശം ഫോമിന് ശേഷം 2022,23 വര്‍ഷങ്ങളില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് വിരാട് കോഹ്‌ലി നടത്തിയത്. 2023 ഏകദിന ലോകകപ്പിലെ മികച്ച താരവും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൻ്റെ താരമായ കോഹ്‌ലിയായിരുന്നു. ലോകകപ്പില്‍ മാത്രം 765 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

2023ല്‍ 36 ഏകദിന ഇന്നിങ്‌സുകളില്‍ നിന്ന് 2048 റണ്‍സായിരുന്നു കോഹ്‌ലി അടിച്ചെടുത്തത്. ഏകദിന ചരിത്രത്തില്‍ 50 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതിയും കിങ് കോഹ്‌ലിയെ തേടിയെത്തിയതും 2023ലായിരുന്നു.

Top