മനുഷ്യർ പിശാചുക്കൾ ആകുന്നത് ഇങ്ങനെയൊക്കെയാണ്

വിയറ്റ്നാം : 17 വർഷമായി ഭൂമിക്കടിയിൽ പണികഴിപ്പിച്ച ഇരുട്ടുമുറിയിൽ പാർപ്പിച്ചിരുന്ന കരടികളെ മോചിപ്പിച്ചു. വിയറ്റ്നാമിലെ ഒരു വസ്ത്ര സ്ഥാപനത്തിൽ രഹസ്യമായി ഇരുട്ടറയിൽ പാർപ്പിച്ചിരുന്ന രണ്ടു കരടികൾക്കാണ് നരകയാതനയിൽ നിന്നും മോചനം ലഭിച്ചിരിക്കുന്നത്.

സുവാൻ, മോ എന്നീ പേരുകളുള്ള ഒരു ആൺ കരടിയും പെൺ കരടിയുമാണ് കൊടും യാതനകൾ സഹിച്ച് ഒന്നര പതിറ്റാണ്ടിനു മുകളിൽ ഇരുട്ടുമുറികളിൽ ജീവിച്ചത്. ഇവ രണ്ടും ഏഷ്യൻ വിഭാഗത്തിൽപ്പെട്ട കരടികളാണ്. 2004 ൽ തീരെ ചെറിയ പ്രായത്തിൽ തന്നെ  സുവാനെ കൂട്ടിലടയ്ക്കുകയായിരുന്നു. അധികം വൈകാതെ മോയെയും ഇവിടെ എത്തിച്ചു. ഫോർ പോവ്സ് എന്ന മൃഗസംരക്ഷണ സംഘടനയിലെ പ്രവർത്തകരാണ് കരടികളെ മോചിപ്പിച്ചത്. ഇത്രയും ദുരിതപൂർണമായ ഒരു അവസ്ഥ ഇതിനു മുൻപ് തങ്ങൾ കണ്ടിട്ടില്ല എന്ന് സംഘടനയിലെ പ്രവർത്തകർ പറയുന്നു.

കൃത്യമായി വായു കടക്കാനുള്ള സംവിധാനങ്ങൾ പോലുമില്ലാതെ തുരുമ്പിച്ച് വൃത്തിഹീനമായ നിലയിലായിരുന്നു ഇവയുടെ കൂടുകൾ. ജീവൻ നിലനിർത്താനായി പഴകിയ പച്ചക്കറികൾ മാത്രമാണ് ഇവയ്ക്ക് ആഹാരമായി നൽകിയിരുന്നത്. ഇതിനുപുറമേ സ്ഥിരമായി പിത്തരസം ശേഖരിക്കുന്നതിനു  വേണ്ടി അവയുടെ പിത്താശയത്തിൽ കത്തീറ്റർ  ഘടിപ്പിക്കുകയോ തുളകൾ ഇടുകയോ ചെയ്യും. വിയറ്റ്നാമിൽ നിന്നും  മോചിപ്പിച്ച കരടികൾക്ക് സാരമായ പിത്താശയ രോഗങ്ങൾ  ഉള്ളതായി മൃഗസംരക്ഷണ സംഘടന പറയുന്നു.

പല സാഹചര്യങ്ങളിൽ നിന്നും മോചിപ്പിച്ച നാൽപതോളം കരടികളാണ് ഫോർ പോവ്സിനു കീഴിലുള്ള സംരക്ഷണ കേന്ദ്രത്തിൽ ഇപ്പോൾ കഴിയുന്നത്.

Top