ഇത് വിപ്ലവകരമായ ചുവടുവെപ്പ്; സ്വവർഗ വിവാഹം അംഗീകരിച്ച് ക്യൂബ

ഹവാന: കുടുംബ വ്യവസ്ഥകളിൽ ചരിത്രപരമായ മാറ്റവുമായി കമ്യുണിസ്റ്റ് ക്യൂബ. സ്വവർഗ വിവാഹത്തിനും വാടക ഗർഭധാരണത്തിനും ക്യൂബ അംഗീകാരം നൽകി. ഹിതപരിശോധനയിൽ 60 ശതമാനം ജനങ്ങളും പരിഷ്‌ക്കാരങ്ങൾക്ക് ഒപ്പം നിന്നതോടെ വമ്പൻ സാമൂഹിക മാറ്റത്തിനാണ് കളമൊരുങ്ങുന്നത്.

ക്യൂബയിൽ വിപ്ലവമെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മാറ്റത്തിനാണ് കളമൊരുങ്ങുന്നത്. 1970 ൽ രാജ്യത്ത് നിലവിൽ വന്ന ഫാമിലി കോഡ് തന്നെ അടിമുടി പരിഷ്കരിക്കുകയാണ് രാജ്യം ചെയ്യുന്നത്. സ്വവർഗ വിവാഹത്തിന് പുറമെ കുടുംബ നിയമവുമായി ബന്ധപ്പെട്ട് മറ്റനേകം നിർദ്ദേശങ്ങളും പുതിയ നിയമത്തിലുണ്ട്.

വാടക ഗർഭധാരണത്തിന് പുറമെ, ലിംഗ വിവേചനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കും വയോധികർക്കും കൂടുതൽ നിയമ പരിരക്ഷ ഉറപ്പാക്കുന്നുണ്ട്. ജനസംഖ്യയിൽ കേരളത്തേക്കാൾ ചെറുതാണ് ക്യൂബ. 1.25 കോടി ജനം മാത്രമാണ് ക്യൂബയിലുള്ളത്. ഈ ജനസംഖ്യയിൽ 60 ശതമാനത്തിലേറെ ക്രിസ്തു മതക്കാരാണ്. അതിനാൽ തന്നെ പുതിയ മാറ്റങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ രാജ്യത്ത് ഹിതപരിശോധന നടത്താൻ സർക്കാർ തയ്യാറായത്.

പരിഷ്കരണങ്ങളെ എതിർത്ത് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സഭകൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. വീടുകൾ തോറും കയറിയിറങ്ങി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പ്രചാരണം നടന്നു. എന്നിട്ടും സർക്കാർ തീരുമാനത്തിന് ഒപ്പം നിൽക്കാനാണ് ക്യൂബൻ ജനത തീരുമാനിച്ചത്.

ഹിതപരിശോധനയുടെ പ്രാഥമിക ഫലങ്ങൾ ഇപ്പോൾ വന്നിട്ടുണ്ട്. 66 ശതമാനം ജനങ്ങളും പരിഷ്കരണത്തെ പിന്തുണക്കുന്ന നിലപാടാണ് ഹിതപരിശോധനയിൽ സ്വീകരിച്ചതെന്നാണ് ഫലം. ഇതോടെ രാജ്യത്ത് നിലവിലുണ്ടായിരുന്ന ഫാമിലി കോഡ് അപ്രസക്തമാവും.

Top