മാധ്യമങ്ങളുടെ ചുവപ്പിനോടുള്ള ‘പക’ വ്യക്തമാക്കുന്നതാണ് ഈ സംഭവവും

മാധ്യമങ്ങളുടെ രാഷ്ട്രീയം വീണ്ടും ശക്തമായി ചര്‍ച്ച ചെയ്യപ്പെടേണ്ട ഘട്ടമാണിത്. ആര് കൊല ചെയ്യപ്പെട്ടാലും വേദന ഒന്നു തന്നെയാണ്. അതിന് കമ്യൂണിസ്റ്റെന്നോ കോണ്‍ഗ്രസെന്നോ ബി.ജെ.പിയെന്നോ ഉള്ള ഒരു വ്യത്യാസവുമില്ല. എന്നാല്‍ ഇവിടുത്തെ കുത്തക മാധ്യമങ്ങള്‍ക്ക് കാര്യങ്ങള്‍ അങ്ങനെയല്ല. അവര്‍ ‘പെരിയ’ കാണുന്നത് പോലെ വെഞ്ഞാറമൂട് കൊലപാതകത്തെ കാണുകയില്ല. കമ്മ്യൂണിസ്റ്റുകളുടെ ചോര തെരുവില്‍ വീഴുന്നത് ഇവര്‍ക്കെല്ലാം സ്വാഭാവികം മാത്രമാണ്. ചരമ പേജില്‍ ഒറ്റ കോളത്തില്‍ ഒതുക്കും ഇതു സംബന്ധമായ വാര്‍ത്തകളെല്ലാം.

ചാനലുകള്‍ പിന്തുടരുന്നതും ഇപ്പോള്‍ ഇതേ മാതൃക തന്നെയാണ്. കുന്നംകുളത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തിലും മാധ്യമങ്ങളുടെ ഈ പക്ഷപാതിത്വം പ്രകടമാണ്. സി.പി.എം ഒരു കേഡര്‍ പാര്‍ട്ടിയാണ്. ഇരുപത്തിയാറാം വയസ്സില്‍ ഈ പ്രായത്തില്‍ ബ്രാഞ്ച് സെക്രട്ടറി എന്നു പറഞ്ഞാല്‍ തന്നെ അതില്‍ അത്ഭുതപ്പെടാന്‍ ഏറെയുണ്ട്. സംഘടനാപരമായ മികവാണ് സനൂപിനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയിരിക്കുന്നത്. ഈ മികവില്‍ ശത്രുക്കള്‍ക്കുള്ള അസഹിഷ്ണുത തന്നെയാണ് അദ്ദേഹത്തിന്റെ ജീവനും എടുത്തിരിക്കുന്നത്.

ജീവന്‍ നഷ്ടപ്പെടുന്നതിന് മണിക്കൂറുകള്‍ മുന്‍പു വരെ വീടുകള്‍ കയറി പൊതിച്ചോറുകള്‍ ഉറപ്പിക്കുന്ന ശ്രമത്തിലായിരുന്നു സനൂപ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൗജന്യ ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിനു വേണ്ടിയായിരുന്നു ഇത്. സനൂപ് കൊല ചെയ്യപ്പെട്ടിട്ടും ഈ പൊതിച്ചോറിന്റെ വിതരണം ഡി.വൈ.എഫ്.ഐ നിര്‍ത്തിവച്ചിരുന്നില്ല. വിശക്കുന്ന വയറുകള്‍ക്കായി സനൂപ് പറഞ്ഞുറപ്പിച്ച പൊതിച്ചോറുകളും ഇവിടെ വിതരണം ചെയ്യുകയുണ്ടായി. കേരളം ശരിക്കും ചര്‍ച്ച ചെയ്യേണ്ട കൊലപാതകമാണ് കുന്നംകുളത്ത് നടന്നിരിക്കുന്നത്.

കൊലയാളികള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് എന്നത് കൊണ്ടാണ് യു.ഡി.എഫിനും ഇത് വിഷയമല്ലാതായിരിക്കുന്നത്. അവര്‍ക്കും ഇത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമാണ്. ഇതേ നിലപാട് പക്ഷേ മാധ്യമങ്ങള്‍ ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലായിരുന്നു. എല്ലാ കൊലപാതകങ്ങളും എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ഇത്തരം ക്രൂരതകളെ ഒരു പോലെയാവണം മാധ്യമങ്ങളും വിലയിരുത്തേണ്ടത്. ചര്‍ച്ചകള്‍ നടത്തേണ്ടതും അതിന്റെ അടിസ്ഥാനത്തിലായിരിക്കണം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സനൂപ് കൊലക്കേസിലും അതുണ്ടായിട്ടില്ല. മിക്ക മാധ്യമങ്ങളും ഈ കൊടും ക്രൂരകൃത്യത്തെ അവഗണിക്കുകയാണ് ചെയ്തിരിക്കുന്നത്.

മാധ്യമങ്ങളുടെ രാഷ്ട്രീയ താല്‍പര്യമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 45 ദിവസങ്ങള്‍ കൊണ്ട് ഈ കേരളത്തില്‍ നാല് ജീവനുകളാണ് ഭരിക്കുന്ന പാര്‍ട്ടിക്ക് തന്നെ നഷ്ടമായിരിക്കുന്നത്. സിയാദ്, ഹഖ് മുഹമ്മദ്, മിഥിലാജ് തുടങ്ങി സനൂപില്‍ വരെ ഇപ്പോള്‍ ആ പട്ടിക എത്തി നില്‍ക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല മാധ്യമങ്ങളും ശക്തമായി എതിര്‍ക്കേണ്ടിയിരുന്ന കൊലപാതകങ്ങളായിരുന്നു ഇവയെല്ലാം. ഇവിടെയാണ് മാധ്യമങ്ങളുടെ തനിനിറം പുറത്തായിരിക്കുന്നത്. ആരൊക്കെ എന്തൊക്കെ ന്യായീകരിച്ചാലും ഇതിനെയൊന്നും ശരിയായ മാധ്യമ പ്രവര്‍ത്തനമായി ഒരിക്കലും വിലയിരുത്താന്‍ കഴിയുകയില്ല.

Top