ഹോവര്‍ബോര്‍ഡില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ പറന്ന് ഈ ഫ്രഞ്ചുകാരന്‍

പാരിസ്: സ്വന്തമായി രൂപകല്‍പന ചെയ്ത ഹോവര്‍ബോര്‍ഡില്‍ ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറന്ന് ഫ്രഞ്ചുകാരന്‍. 20 മിനിറ്റ് കൊണ്ടാണ് ഫ്രാന്‍കി സപാട്ടയെന്ന ഫ്രഞ്ചുകാരന്‍ ഇംഗ്ലീഷ് ചാനല്‍ മറികടന്നത് ലക്ഷ്യത്തിലെത്തിയത്. അഞ്ച് ചെറിയ ജെറ്റ് എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഹോവര്‍ബോര്‍ഡില്‍ ഫ്രാന്‍സിലെ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 6.17 നാണ് ഫ്രാന്‍കി പറന്നത്.

മൂന്ന് വര്‍ഷം മുന്‍പ് ഫ്രാങ്കി നിര്‍മ്മിച്ച യന്ത്രം മണ്ണെണ്ണ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മണ്ണെണ്ണ നിറച്ച ടാങ്ക് പുറം ബാഗില്‍ ചുമന്നാണ് ഫ്രാങ്കി ഹോവര്‍ബോര്‍ഡില്‍ പറന്നത്. തുടര്‍ന്ന് ബ്രിട്ടണിലെ സെന്റ് മാര്‍ഗരറ്റ് ബേയില്‍ സുരക്ഷിതനായി തിരിച്ചിറങ്ങുകയും ചെയ്തു. മണിക്കൂറില്‍ 160 മുതല്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്രാങ്കി സപാട്ട പറന്നതായി കണക്കാക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഫ്രാങ്കി ഇംഗ്ലീഷ് ചാനല്‍ മറികടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഫ്രാന്‍സിലെ കലൈസിന് സമീപം പറന്ന അദ്ദേഹം യന്ത്രത്തകരാര്‍ മൂലം കടലിലേക്ക് വീഴുകയായിരുന്നു.

ഹോവര്‍ ബോര്‍ഡ് വികസിപ്പിക്കാന്‍ 2018ല്‍ ഫ്രഞ്ച് സൈന്യം ഇദ്ദേഹത്തിന് 13 ലക്ഷം യൂറോ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ബ്രിട്ടണും സമാനമായ ഹോവര്‍ ബോര്‍ഡില്‍ താത്പര്യം കാട്ടുന്നുണ്ട്. ജൂലൈ 30 ന് റിച്ചാര്‍ഡ് ബ്രോണിങ് എന്നയാള്‍ ഹോവര്‍ ബോര്‍ഡ് വിജയകരമായി പരീക്ഷിച്ചിരുന്നു.

Top