അമ്പലത്തില്‍ പോയാല്‍ ആര്‍എസ്എസ് ആകുമോ; കോടിയേരിക്കെതിരെ തിരുവഞ്ചൂര്‍

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സിപിഎമ്മിന്റെ നിലവാരത്തകര്‍ച്ചയാണ് സൂചിപ്പിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വ്യക്തിപരമായ വിഷമങ്ങള്‍ ആയിരിക്കാം തരംതാഴ്ന്ന വിമര്‍ശനം ഉന്നയിക്കുന്നതിന് കാരണം. ആദര്‍ശാധിഷ്ഠിത രാഷ്ട്രീയവും സിപിഎമ്മും തമ്മില്‍ ഇന്ന് പുലബന്ധം പോലുമില്ല. അമ്പലത്തില്‍ പോയാല്‍ ആര്‍എസ്എസ് ആകുമോ എന്നും തിരുവഞ്ചൂര്‍ ചോദിച്ചു.

ബിജെപിയിലേക്ക് ആളെ പിടിക്കുന്നതിനുള്ള പണിയാണ് സിപിഎം നടത്തുന്നത്. നാട്ടിലെ അമ്മ പെങ്ങന്മാര്‍ക്ക് കേള്‍ക്കാനാവാത്ത ഭാഷയാണ് സിപിഎം നേതാക്കള്‍ ചാനലില്‍ പറയുന്നത്. അമ്പലത്തില്‍ നിന്ന് പറഞ്ഞതനുസരിച്ചാണ് താന്‍ അന്നദാന മണ്ഡപത്തില്‍ പോയത്. പനച്ചിക്കാട് ക്ഷേത്രത്തില്‍ എല്ലാ മതസ്ഥരും പോകാറുണ്ട്.

കോടിയേരി ബാലകൃഷ്ണനെ താന്‍ വെല്ലുവിളിക്കുന്നു. ഏത് ആര്‍എസ്എസ് നേതാവുമായാണ് താന്‍ ചര്‍ച്ച നടത്തിയത് എന്ന് കൂടി പറയണം. ഇനി തനിക്കെതിരെ പറഞ്ഞാല്‍ താന്‍ അതിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ പറയും, അത് കോടിയേരിക്ക് വിഷമമാകും. ചില പൂജകള്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top