thiruvanathapuram-magalapuram express derailed

അങ്കമാലി: തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ് (16347) അങ്കമാലിക്ക് സമീപം പാളംതെറ്റി. അങ്കമാലിക്കും ഇരിങ്ങാലക്കുടക്കും ഇടയില്‍ കറുകുറ്റി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. 12 ബോഗികള്‍ ആണ് പാളം തെറ്റിയത്. ഇതില്‍ നാലെണ്ണം പൂര്‍ണമായി ചരിഞ്ഞിട്ടുണ്ട്.

പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. പുലര്‍ച്ചെ 2.16 നായിരുന്നു അപകടം. അപകടത്തില്‍പെട്ടവരെ പ്രത്യേക വാഹനത്തില്‍ കൊച്ചിയിലെത്തിക്കും.

ഉച്ചക്ക് മൂന്നു മണിയോടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ അധികൃതര്‍ മാധ്യമങ്ങളെ അറിയിച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് അടക്കമുള്ള വിഭാഗങ്ങളെ ഏകോപിപ്പിച്ച് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

മംഗലാപുരം എക്‌സ്പ്രസിലെ യാത്രക്കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ട്രെയിന്‍ അപകടം നടന്ന് മൂന്നു മിനിട്ടുകള്‍ക്ക് ശേഷം തിരുവനന്തപുരം ഭാഗത്തേക്ക് മറ്റൊരു എക്‌സ്പ്രസ് ട്രെയിന്‍ പോകേണ്ടതായിരുന്നു. എന്നാല്‍, അപകട വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഈ ട്രെയിന്‍ ചാലക്കുടി സ്റ്റേഷനില്‍ പിടിച്ചിടുകയായിരുന്നു. തൃശൂരില്‍ നിന്ന് വടക്കോട്ടും എറണാകുളത്ത് നിന്ന് തെക്കോട്ടും മാത്രമാണ് നിലവില്‍ ട്രെയിന്‍ ഗതാഗതം നടക്കുന്നത്.

തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജനശതാബ്ദി (12076) വേണാട് (16302) എക്‌സ്പ്രസുകള്‍ എന്നിവ എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. തൃശ്ശൂര്‍ ഭാഗത്തേക്കു പോകുന്ന ലൈന്‍ 10 മണിക്കൂറും തിരുവനന്തപുരത്തേക്കുള്ള ലൈന്‍ അഞ്ചു മണിക്കൂറും വൈകാന്‍ സാധ്യതയുണ്ട്. ഇന്നലെ പുറപ്പെട്ട അമൃതനിലമ്പൂര്‍ രാജ്യറാണി (16343/16349) എഗ്മൂര്‍ഗുരുവായൂര്‍ (16127) എന്നിവയും എറണാകുളത്ത് യാത്ര അവസാനിപ്പിക്കും.

റെയില്‍വേ ഹെല്‍പ് ലൈന്‍: തിരുവനന്തപുരം: 04712320012, തൃശ്ശൂര്‍: 04712429241, എറണാകുളം: 04842100317, കറുകുറ്റി: 9447075320

Top