തിരുവനന്തപുരത്ത് ടിപിആര്‍ 48, നിയന്ത്രണം കര്‍ശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മന്ത്രി ആന്റണി രാജു. ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ശക്തമായി നിരീക്ഷിക്കുമെന്നും കര്‍ശന പരിശോധനയ്ക്ക് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആന്റണി രാജു അറിയിച്ചു.

തലസ്ഥാനത്ത് ഇന്ന് ടിപിആര്‍ 48 ശതമാനമാണ്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. ലംഘിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. രോഗ വ്യാപനത്തെ ജനങ്ങള്‍ ഗൗരവത്തോടെ കാണുന്നില്ല. ഇങ്ങനെ മുന്നോട്ട് പോകാന്‍ സാധിക്കില്ല. കളക്ടറുടെ ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പൊലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 50 പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളതെന്നും മന്ത്രി അറിയിച്ചു.

ചില സംഘടനകള്‍ പരിപാടികളുമായി മുന്നോട്ട് പോകുന്നുണ്ട്. ഇത് അനുവദിക്കാന്‍ പാടില്ല. നിയന്ത്രണങ്ങളില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. ഇത് സര്‍ക്കാരിനെ അറിയിക്കും. തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് നാളെ യോഗം ചേരും. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ രംഗത്തിറക്കുന്ന കാര്യത്തില്‍ ഗൗരവപരമായി ചര്‍ച്ച നടക്കുന്നുണ്ട്.

കെഎസ്ആര്‍ടിസിയില്‍ രോഗവ്യാപനമില്ലെന്നും കണ്ടക്ടര്‍മാര്‍ക്ക് ബൂസ്റ്റര്‍ ഡോസില്‍ മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ടെന്നും ആന്റണി രാജു അറിയിച്ചു.

Top