യുവതീപ്രവേശന പട്ടിക തിരുത്തില്ലെന്ന് സര്‍ക്കാര്‍; തെറ്റ് രജിസ്റ്റര്‍ ചെയ്യ്തവര്‍ വരുത്തിയത്

തിരുവന്തപുരം: ശബരിമല യുവതി പ്രവേശനത്തിന്റെ പട്ടിക തിരുത്തനാകില്ലെന്ന് സര്‍ക്കാര്‍. ശബരിമലയില്‍ 10-നും 50-നുമിടയില്‍ പ്രായമുള്ള 51 സ്ത്രീകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ദര്‍ശനം നടത്തിയതായുള്ള പട്ടികയാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്.

പട്ടിക പുറത്തു വന്നതിന് പിന്നാലെ അതിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ ഇതിലെ പിഴവുകള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ വരുത്തുന്നതാണ്. അത് തിരുത്താന്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സാധിക്കൂവെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു.

കോടതി ശബരിമല ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക ആവശ്യപ്പെട്ടാല്‍ ഇതേ പട്ടികയായിരിക്കും നല്‍കുക. ഓണ്‍ലൈന്‍ വഴി ദര്‍ശനം നടത്തിയ യുവതികളുടെ പട്ടിക മാത്രമേ ആധികാരികമായി സര്‍ക്കാരിന്റെ പക്കലുള്ളൂ. എട്ടു ലക്ഷത്തോളം പേര്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 51 പേര്‍ യുവതികളാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പട്ടിക തയ്യാറാക്കിയതില്‍ ജീവനക്കാര്‍ക്ക് പിഴവ് വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ പരിശോധിക്കും.

ശബരിമലയില്‍ 51 യുവതികള്‍ എത്തിയ കാര്യം കോടതിയില്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. പട്ടികയിലെ പേരടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കൊന്നും മാറ്റമുണ്ടാകില്ല. മാറ്റംവരുത്താനും സാധിക്കില്ല. കോടതിയില്‍ രേഖകള്‍ ഫയല്‍ ചെയ്തിട്ടില്ല. ഇത് മാധ്യമങ്ങള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രദര്‍ശിപ്പിച്ചതിലും തെറ്റില്ല. ഇത് രഹസ്യരേഖയല്ല. സര്‍ക്കാര്‍ സൈറ്റില്‍നിന്ന് പ്രത്യേക ആപ്ലിക്കേഷനിലൂടെയാണ് പട്ടിക ശേഖരിച്ചത്. മൊബൈല്‍ നമ്പറടക്കം അപേക്ഷകര്‍ നല്‍കുന്ന വിവരങ്ങളാണ് പട്ടികയിലുള്ളത്. ഇത്തരം കാര്യങ്ങളിലെ കൃത്യത പോലീസ് പരിശോധിക്കാറില്ല.

ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന രേഖകളുടെ ഉത്തരവാദിത്വം അപേക്ഷകനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പട്ടികയില്‍ 24-ാം നമ്പറായ തമിഴ്നാട് സ്വദേശി ഷീലയുടെ വയസ്സ് 52 എന്നത് രജിസ്ട്രേഷന്‍ സമയത്ത് 48 ആയാണ് ഇന്റര്‍നെറ്റ് കഫേക്കാര്‍ രേഖപ്പെടുത്തിയത്. അവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മതിയാകുമെന്നാണ് സഹായിച്ചവര്‍ പറഞ്ഞത്.

അതേസമയം പട്ടിക പുറത്തുപോയത് വിവാദമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. യുവതികളുടെ പേരുള്ള പട്ടികയ്‌ക്കൊപ്പം ഫോട്ടോയും കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍, സ്ത്രീകളുടെ ഫോട്ടോകള്‍ പുറത്തുവിടരുതെന്നും അത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നും ആഭ്യന്തരവകുപ്പ് പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

Top