തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നില്‍ ബോംബേറ്

bomb attack

തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നെടുമങ്ങാട് ബോംബേറ്. തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനു മുന്നിലാണ് ബോംബേറുണ്ടായത്. സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശി. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 15 വ്യാപാരസ്ഥാപനങ്ങള്‍ തകര്‍ത്തു.

സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ബിജെപി, ശബരിമല കർമ്മസമിതി പ്രവ‍ർത്തകരുടെ ആക്രമണം ഉണ്ടായി. ഓഫീസിന് നേരെ ഇവർ കല്ലും കുപ്പികളും വലിച്ചെറിഞ്ഞു. ഓഫീസിന് സമീപം പാർക്ക് ചെയ്തിരുന്ന സിപിഐഎം പാലിയേറ്റിവ് കെയർ യൂണിറ്റായ മദർ തെരേസ പാലിയേറ്റീവ് സൊസൈറ്റിയുടെ ആംബുലൻസ് പൂ‍ർണ്ണമായി അടിച്ചുതകർത്തു.

നേരത്തെ തലശേരിയില്‍ ബോംബേറുണ്ടായി. സിപിഐഎംബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും തലശേരി ദിനേശ് ബീഡി കമ്പനിക്ക് സമീപം ബോംബേറുണ്ടാവുകയും ചെയ്തു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായിരുന്നു. ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് മര്‍ദനമുണ്ടായത്. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കോഴിക്കോട് മിഠായിത്തെരുവില്‍ സംഘര്‍ഷമുണ്ടായി. പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തിനിടെ കല്ലേറുണ്ടാവുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

അതിനിടെ വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ് തമ്പാനൂര്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദീര്‍ഘനാളായി ആര്‍സിസിയിലെ ചികിത്സയിലായിരുന്നു ഇവര്‍. ആംബുലന്‍സ് എത്താന്‍ വൈകിയെന്ന് പാത്തുമ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന കോഴിക്കോട് മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസ് നോക്കി നില്‍ക്കേയായിരുന്നു ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം. കല്ലേറില്‍ പല കടകളുടെയും ചില്ലുകളും വാഹനങ്ങളും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ചു. വന്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

പൊലീസ് അക്രമികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും പരാതി നല്‍കുമെന്നും വ്യാപാരികള്‍ അറിയിച്ചിട്ടുണ്ട്.

Top